മന്ത്രി വി.അബ്ദുറഹിമാന്റെ പഴ്സനൽ സ്റ്റാഫ് അംഗം മരിച്ച നിലയിൽ
തിരുവനന്തപുരം ∙ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പഴ്സനൽ സ്റ്റാഫ് അംഗം വയനാട് മാനന്തവാടി തൃശ്ശിലേരി ചേക്കോട്ട്കുന്ന് ഊരിൽ സി.പി.ബിജു(25)വിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നന്തൻകോട് ഹരിഹർനഗർ എൻജിഒ ക്വാർട്ടേഴ്സിലെ അടുക്കളയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 2021 മുതൽ മന്ത്രിയുടെ ഓഫിസിൽ ഓഫിസ് അറ്റൻഡറാണ്. കുടുംബപ്രശ്നങ്ങളാണ് മരണത്തിനു പിന്നിലെന്നു കരുതുന്നതായി മ്യൂസിയം പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജുവിന്റെ കുടുംബം വയനാട്ടിലെ കുടുംബവീട്ടിലേക്കു പോയിരുന്നു. ഇന്നലെ ഓഫിസിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നു നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. വ്യാഴാഴ്ചയും ബിജു ഓഫിസിലെത്തിയിരുന്നു. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: ശ്യാമിലി. വിജയൻ–ബിന്ദു ദമ്പതികളുടെ മകനാണ് ബിജു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വയനാട്ടിലേക്കു കൊണ്ടു പോയി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചേക്കോട്ട് സമുദായ ശ്മശാനത്തിൽ.