ഇരുരാജ്യങ്ങളും പരസ്പരം വിശ്വസിക്കണം; ഇന്ത്യയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാര്‍ - ചൈന
ബെയ്ജിങ്: സംഘര്‍ഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ചൈന ഒരുക്കമാണെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി. ബെയ്ജിങ്ങില്‍ നടന്ന ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ.) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനെത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് വാങ് യി ഇക്കാര്യം വ്യക്തമാക്കിയത്. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായോ മത്സരം സംഘര്‍ഷമായോ ഒരിക്കലും മാറരുതെന്നും വാങ് യി ജയശങ്കറിനോട് പറഞ്ഞു. ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെ സംരക്ഷിക്കുന്നതിനും അതിലൂടെ ആഗോള ഉത്പാദനത്തിലും ഇന്ത്യയുമായുള്ള വിതരണശൃംഖലയിലും സ്ഥിരത ഉറപ്പാക്കുന്നതിനും ചൈന തയ്യാറാണെന്നും വാങ് യി അറിയിച്ചു. സംശയിക്കുന്നതിന് പകരം ഇരുരാജ്യങ്ങളും പരസ്പരം വിശ്വസിക്കണമെന്നും പരസ്പരം മത്സരിക്കുന്നതിന് പകരം ഇരുരാജ്യങ്ങളും സഹകരിക്കണമെന്നും വാങ് യി അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-ചൈന സമവാക്യത്തിന്റെ അന്തഃസത്ത നിലകൊള്ളുന്നത് പരസ്പരവിജയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജയശങ്കറിനോട് വാങ് യി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചൈനയും ഇന്ത്യയും നല്ല അയല്‍പക്കമായി സൗഹൃദത്തില്‍ അടിയുറച്ച് നിലകൊള്ളണമെന്നും പരസ്പര ബഹുമാനത്തിനും വിശ്വാസത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും പൊതുവികസനത്തിനും വിജയകരമായ സഹകരണത്തിനുമുള്ള ഒരു മാര്‍ഗം കണ്ടെത്തണമെന്നും വാങ് യി പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.