'പുതിൻ നന്നായി സംസാരിക്കും, പിന്നാലെ അയാൾ ബോംബിട്ട് കൊല്ലും'; യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ട്രംപ്
വാഷിങ്ടൺ: യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെതിരേ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുതിനെന്നും എന്നാൽ, തൊട്ടുപിന്നാലെ എല്ലാവരെയും അയാൾ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു. റഷ്യയ്ക്കെതിരേ പുതിയ ഉപരോധമേർപ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നൽകി. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ 'പാട്രിയോട്ട്' യുക്രൈന് നൽകുമെന്നും ട്രംപ് അറിയിച്ചു. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുഎസിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം യുക്രൈനിലേക്ക് തിരിക്കും. ഇതേസമയം, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി ട്രംപ് വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. മൂന്നുവർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ സംഘർഷത്തിന് ഇനിയും അറുതിയായിട്ടില്ല. അടുത്തിടെ ഇത് രൂക്ഷമാവുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടർന്നാണ് ട്രംപ് യുക്രൈന് ആയുധം നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനമായ 'പാട്രിയോട്ട്' അമേരിക്ക നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. എത്രയെണ്ണമാണ് യുക്രൈന് നൽകുക എന്നത് സംബന്ധിച്ച് വ്യക്തമാക്കിയില്ല. യുക്രൈന് ആവശ്യമായത്ര നൽകുമെന്ന് ട്രംപ് പറഞ്ഞു. ന്യൂജഴ്സിയിൽ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനൽ കണ്ട് മടങ്ങുമ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കീവിലേക്കുള്ള ആയുധവിതരണം താത്ക്കാലികമായി നിർത്തിവെക്കുമെന്ന് നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ നിലപാടിൽനിന്ന് യുഎസ് പിന്നോട്ടുപോകുകയാണെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം നൽകുന്ന സൂചന. യുക്രൈനിലേക്ക് അയക്കുന്ന ആയുധങ്ങൾക്കുള്ള പണം നാറ്റോ പണം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈന് വിവിധതരം അത്യാധുനിക സൈനിക ഉപകരണങ്ങൾ നൽകുമെന്നും തങ്ങളെ സംബന്ധിച്ച് ഇത് വ്യാപരമാണെന്നും ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്‍റിന്‍റെ കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. പുതിനോട് കൂടുതൽ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 'ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്നയാളാണ് പുതിൻ. നല്ല രീതിയിൽ അദ്ദേഹം സംസാരിക്കും. വൈകുന്നേരമാകുമ്പോൾ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കും', ട്രംപ് പറഞ്ഞു.