തുടക്കം റസ്റ്ററന്റ് ടേബിളില്‍; ഇന്ന് നാല് ട്രില്യണ്‍ ഡോളര്‍ മൂല്യം, കടത്തിവെട്ടിയത് ആപ്പിളിനെയും
നാ ല് ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍, അഥവാ നാല് ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം. ചരിത്രത്തില്‍ ഇന്നോളം ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത സ്വപ്‌നനേട്ടത്തിന്റെ നെറുകയിലാണ് അമേരിക്കന്‍ മൈക്രോചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയ. സാക്ഷാല്‍ മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയുംവരെ കടത്തിവെട്ടിയാണ് എന്‍വിഡിയ ലോകമാര്‍ക്കറ്റ് കൈപ്പിടിയിലാക്കിയത്. ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇന്ത്യ എന്നിവയുള്‍പ്പടെ മിക്കവാറും ലോകരാജ്യങ്ങളുടെ ആഭ്യന്തര ഉത്പാദനത്തെക്കാള്‍ കൂടുതലാണ് കമ്പനിയുടെ മൂല്യം. ഞെട്ടിക്കുന്ന വേഗതയിലാണ് കമ്പനി ലോകമാര്‍ക്കറ്റുകള്‍ കീഴടക്കിയത്. ഒരു ട്രില്യണ്‍ കടന്നത് 2023ല്‍ മാത്രമാണെന്ന് അറിയുമ്പോഴാണ് എത്ര വേഗത്തിലാണ് കമ്പനി വളര്‍ന്ന് പന്തലിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കുക. 2024 ഫെബ്രുവരിയിലാണ് ആദ്യമായി രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യം പിന്നിട്ടത്, ജൂണോടെ മൂല്യം മൂന്ന് ട്രില്യണും കവിഞ്ഞു. ഒരു വര്‍ഷം കൊണ്ടാണ് മാര്‍ക്കറ്റ് വാല്യു മൂന്നിരട്ടിയായി മൂന്നാംലോക മഹായുദ്ധം നേരിട്ട് കണ്മുന്നില്‍ കാണുന്നില്ലെങ്കിലും ലോകം ഇന്നൊരു മൂന്നാംലോക മഹായുദ്ധത്തിലാണ്. വാളുകള്‍കൊണ്ടും തോക്കുകള്‍കൊണ്ടുമെല്ലാമാണ് പഴയ യുദ്ധങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇന്നതിന്റെ പ്രധാന ആയുധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിതബുദ്ധിയാണ്. ഏറ്റവും മികച്ച എ.ഐ ആരുണ്ടാക്കും? എ.ഐ ലോകത്ത് ആര് മേധാവിത്വമുണ്ടാക്കും? അതിലൂടെ ആര് കൂടുതല്‍ കാശുണ്ടാക്കും. യുദ്ധം ഇതിനെല്ലാം ഉത്തരം കണ്ടെത്താനാണ്. രണ്ടാംലോകമഹായുദ്ധത്തില്‍ അമേരിക്കയുടെ കരുത്ത് മാന്‍ഹാട്ടന്‍ പ്രൊജക്ടിലൂടെയുണ്ടാക്കിയ അണുബോംബായിരുന്നുവെങ്കില്‍ എ.ഐ മേധാവിത്വം നേടാനായി രണ്ടാം മാന്‍ഹാട്ടന്‍ പ്രോജക്ട് ഉണ്ടാക്കാനുള്ള ആവശ്യം അമേരിക്കയില്‍ ഉയരുന്നുണ്ട്. അതായത് അണുബോംബിന് തുല്യമായാണ് പലരും എ.ഐയെ കാണുന്നത്. അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും കൊറിയയും ഈ രാഷ്ട്രങ്ങളേക്കാള്‍ കരുത്തുള്ള പല കോര്‍പ്പറേറ്റുകളുമെല്ലാം ഏറ്റവും മികച്ച എ.ഐ ഉണ്ടാക്കാന്‍ തീവ്രമത്സരത്തിലാണ്. എ.ഐയില്‍ ഒരടി പിന്നോട്ടായാല്‍ എത്ര വലിയ കമ്പനിയായാലും കൂപ്പുകുത്തുന്ന സാഹചര്യം പലരെയും ഭീതിപ്പെടുത്തുന്നുണ്ട്. കൂണുപോലെ മുളച്ചുപൊന്തുന്ന പുത്തന്‍ കമ്പനികള്‍ മെച്ചപ്പെട്ട എ.ഐ സാങ്കേതികവിദ്യയുടെ കരുത്തില്‍ വിപണികള്‍ കീഴടക്കുന്നത് അവിശ്വസനീയതയോടെയാണ് ലോകം നോക്കിക്കാണുന്നത്. സ്റ്റാന്‍ഫഡ് സര്‍വകലാശാല എ.ഐ 2023 റിപ്പോര്‍ട്ട് പ്രകാരം 249 ബില്യണ്‍ ഡോളറാണ് 2013-21 കാലയളവില്‍ അമേരിക്കയുടെ നിക്ഷേപം. ചൈനയുടേത് 95 ബില്യണും. എന്നാല്‍ പണം മാത്രം കൊണ്ട് ഇവിടെ വിജയിക്കാനാവില്ല. നൈപുണ്യവും ഡാറ്റയുമൊക്കെ പ്രധാനമാണെങ്കിലും എ.ഐയില്‍ ഏറ്റവും നിര്‍ണായകം കമ്പ്യൂട്ടിങ് ശേഷിയാണ്. ഡാറ്റാ സെന്ററുകളാണ്. ചിപ്പുകളാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ഇവിടെയാണ് എന്‍വിഡിയയുടെ കളി. ഇത്തരമൊരു സാധ്യത മുന്‍കൂട്ടി കണ്ട് മറ്റുള്ളവര്‍ക്ക് മുന്നേ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകള്‍ ഉണ്ടാക്കിയാണ് ഇന്നത്തെ ഉയരങ്ങളിലേക്ക് എന്‍വിഡിയ പറന്നുകയറിയത്. ഒരു റെസ്റ്റന്റന്റ് ടേബിളില്‍ പിറന്ന സ്റ്റാര്‍ട്ടപ്പ് വര്‍ഷം 1993, സിലിക്കണ്‍വാലിയിലെ പ്രശസ്തമായ ഒരു ഡെന്നീസ് റെസ്റ്റോറന്റില്‍ സുഹൃത്തുക്കളായ മൂന്ന് കമ്പ്യൂട്ടര്‍ സയന്റിസ്റ്റുകള്‍ ഒത്തുകൂടി. വിവിധ ഐടി കമ്പനികളില്‍ ഒന്നിച്ച് ജോലി ചെയ്ത് പരിചയമുള്ള അവർ അന്ന് സംസാരിച്ചത് മുഴുവന്‍ ഐ.ടി മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍ മാറ്റങ്ങളെ കുറിച്ചായിരുന്നു. തായ്‌വാനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന ജെന്‍സണ്‍ ഹ്വാങായിരുന്നു ഇവരിലൊരാള്‍. ക്രിസ് മലചോവ്‌സ്‌കി, കേര്‍ട്ടിസ് പ്രിം എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍. 90കളുടെ തുടക്കകാലത്തൊക്കെ കമ്പ്യൂട്ടറുകള്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. പെഴ്‌സണല്‍ കമ്പ്യൂട്ടിങ്, എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ മേഖലകളില്‍ കമ്പ്യൂട്ടറുകള്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ല. മൈക്രോഫോണുകളോ സ്പീക്കറുകളോ എന്തിന് വീഡിയോയോ ഗ്രാഫിക്‌സോ പോലുമില്ലാത്ത കമ്പ്യൂട്ടറുകളായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. പെഴ്‌സണല്‍ കമ്പ്യൂട്ടിങ്ങാണ് ഭാവി എന്ന അഭിപ്രായക്കാരായിരുന്നു ഹ്വാങ്ങും ക്രിസും കോര്‍ട്ടിസും. വൈകാതെ പെഴ്‌സണല്‍ കമ്പ്യൂട്ടിങ്ങിനും ത്രീഡി ഗ്രാഫിക്‌സിനും പറ്റുന്ന ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി തുടങ്ങുന്നതിനെ കുറിച്ചായി ഇവരുടെ ചര്‍ച്ച. വീഡിയോ ഗെയിമുകള്‍ കമ്പ്യൂട്ടിങ്ങിന്റെ സ്വഭാവം തന്നെ മാറ്റുമെന്നും അതിനായി ത്രീഡി ഗ്രാഫിക്‌സുള്ള ചിപ്പുകള്‍ വേണമെന്നും ഇവര്‍ കണക്കുകൂട്ടി. പി.സികള്‍ വളരെ അപൂര്‍വമായിരുന്ന അക്കാലത്ത് ഇവര്‍ മൂന്നുപേരും ഒരു പി.സി നേരിട്ട് കണ്ടിട്ടില്ലായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. അങ്ങനെ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ച മൂവരും അദ്യം ചെയ്തത് ഒരു പിസി വിലകൊടുത്ത് വാങ്ങുക എന്നതാണ്. വൈകാതെ കമ്പനി ആരംഭിക്കാനുള്ള 40000 ഡോളറും ഇവര്‍ തട്ടിക്കൂട്ടി. നെക്‌സ്റ്റ് വേര്‍ഷന്‍ എന്നതിന്റെ ചുരുക്കെഴുത്തായ എന്‍.വിയാണ് തുടക്കത്തില്‍ ഇവര്‍ കമ്പനി പേരായി ഉപയോഗിച്ചിരുന്നത്. വൈകാതെ അത് എന്‍വിഡിയ എന്നാക്കിമാറ്റി. പതിറ്റാണ്ടുകളായി ഇന്റല്‍ ഭരിക്കുന്ന അമേരിക്കന്‍ ചിപ്പ് ഇന്‍ഡസ്ട്രിയിലേക്കായിരുന്നു ആ കുഞ്ഞ് കമ്പനിയുടെ രംഗപ്രവേശനം. ഇന്റല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ബേസിക് കമ്പ്യൂട്ടിങ്ങിനും സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റിനും വേണ്ടിയുള്ള സിപിയു നിര്‍മ്മാണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകള്‍ അഥവാ ജിപിയുകളിലായിരുന്നു എന്‍വിഡിയുടെ ശ്രദ്ധ. വെറും നാല്‍പ്പതിനായിരം രൂപ കൊണ്ട് ഒരു ചിപ്പ് കമ്പനിക്ക് മുന്‍പോട്ട് പോകാന്‍ സാധിക്കില്ലല്ലോ. അവിടെ അമേരിക്കന്‍ ടെക് നിക്ഷേപകനായ ഡോണ്‍ വാലന്റൈന്‍ രക്ഷകനായെത്തി. ഇരുപത് മില്യണ്‍ ഡോളറാണ് അദ്ദേഹം കമ്പനിയില്‍ നിക്ഷേപിച്ചത്. പരാജയത്തിന്റെ കൈപ്പറിഞ്ഞായിരുന്നു എന്‍വിഡിയയുടെ തുടക്കം. ആദ്യമായി പുറത്തിറക്കിയ 3ഡി ഗ്രാഫിക്‌സുള്ള എന്‍വി1 എന്ന ചിപ്പ് പല കാരണങ്ങള്‍ കൊണ്ടും വിചാരിച്ചപോലെ വിറ്റുപോയില്ല. ഇത് തുടക്കത്തില്‍ തന്നെ കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കി. വൈകാതെ കമ്പനിയുടെ മുന്‍പോട്ട് പോക്ക് തന്നെ ചോദ്യചിഹ്നമായി മാറി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടി. തുടര്‍ന്ന് പുറത്തിറങ്ങിയ റിവ 128 വൻ വിജയമായതോടെയാണ് കമ്പനി പ്രതിസന്ധികളെ അതിജീവിച്ചത്. ആദ്യത്തെ ചിപ്പ് ആയിരത്തില്‍ താഴെ മാത്രം വിറ്റുപോയപ്പോള്‍ റിവ 128 നാല് മാസം കൊണ്ട് പത്ത് ലക്ഷത്തിലേറെ യൂണിറ്റുകള്‍ വിറ്റുപോയി. 1999 ജനുവരി 22 ന് എന്‍വിഡിയ പബ്ലിക്ക് ലിസ്റ്റഡ് കമ്പനിയായി മാറി. അപ്പോഴേക്കും വീഡിയോ ഗെയിമിങ് ഇന്‍ഡസ്ട്രി വളര്‍ന്നുപന്തലിച്ചിരുന്നു. മറ്റ് കമ്പനികള്‍ ജി.പി.യു നിര്‍മ്മാണത്തിലേക്ക് തിരിയുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴേക്കും ഗ്രാഫിക് ചിപ്പ് നിര്‍മ്മാണത്തില്‍ എന്‍വിഡിയ ഒരുപാട് ദൂരങ്ങള്‍ പിന്നിട്ടിരുന്നു. കമ്പ്യൂട്ടര്‍ ഗെയിമില്‍ നിന്നും എ.ഐയിലേക്ക് മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളില്‍ നിന്ന് ഭീമന്‍ ഓര്‍ഡറുകള്‍ ലഭിച്ചതോടെ എന്‍വിഡിയ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. നിരവധി ചെറുകിട കമ്പനികളെ അവര്‍ ഏറ്റെടുത്തു. 2007ല്‍ ഫോര്‍ബ്‌സ് കമ്പനി ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്തെല്ലാം ഇന്റലുമായുള്ള കിടമത്സരം രൂക്ഷമായിരുന്നു. പലപ്പോഴും അത് വലിയ വിവാദങ്ങള്‍ക്കും ദീര്‍ഘമായ നിയമയുദ്ധങ്ങള്‍ക്കും വരെ കാരണമായി. 2011ഓടെ ഇന്റലുമായുള്ള തര്‍ക്കങ്ങളൊക്കെ തീരുകയും ഇരു കമ്പനികളും സഹകരിച്ച് ബിസിനസ് ഡീലുകള്‍ ആരംഭിക്കുകയും ചെയ്തു. ഇക്കാലത്തിനിടയില്‍ ഗ്രാഫിക് ചിപ്പുകള്‍ കൊണ്ട് മാത്രം ഭാവിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് എന്‍വിഡിയ തിരിച്ചറിഞ്ഞിരുന്നു. ഡീപ്പ് ലേണിങ്ങും എഐയുമാണ് ഭാവിയെന്ന് അവര്‍ മനസ്സിലാക്കി. ഇങ്ങനെയാണ് എഐ കമ്പ്യൂട്ടിങ്ങിനും സജ്ജമായ രീതിയില്‍ 2006ല്‍ CUDA എന്ന ചിപ്പ് പുറത്തിറങ്ങിയത്. അക്കാലത്ത് എ.ഐ എന്ന വാക്ക് പോലും അപൂര്‍വമായിരുന്നു. ഇതാണ് ഭാവിയെന്ന് തിരിച്ചറിഞ്ഞ കമ്പനി അത്തരം ഗവേഷണങ്ങള്‍ക്കായി പണവും അധ്വാനവും വാരിക്കോരി ചെലവഴിച്ചു. തുടക്കം മുതലേ മികച്ച സപ്ലൈ ചെയിന്‍ സംവിധാനം ഉണ്ടാക്കിയതിനാല്‍ എതിരാളികളെക്കാള്‍ വേഗത്തില്‍ വലിയ അളവില്‍ ജിപിയുകള്‍ ഉണ്ടാക്കാനും അത് വിതരണം ചെയ്യാനും കമ്പനിക്ക് സാധിച്ചു. കാര്‍ കമ്പനികള്‍ ഉള്‍പ്പടെ ഡ്രൈവര്‍ അസിസ്റ്റ് സോഫ്റ്റ്‌വെയറുകള്‍ക്കായി എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കി. സെന്‍സറുകളില്‍ നിന്ന് വേഗത്തില്‍ ഇമേജ് ഫോര്‍മേഷന്‍ ചെയ്യുന്ന ഈ ചിപ്പുകളുടെ ശേഷിയാണ് കാര്‍ കമ്പനികളെ എന്‍വിഡിയയിലേക്ക് ആകര്‍ഷിച്ചത്. ടെസ്‌ല ഉള്‍പ്പടെയുള്ള കമ്പനികള്‍ നിലവില്‍ എന്‍വിഡിയ ഹാര്‍ഡ്‌വേറുകളാണ് ഉപയോഗിക്കുന്നത്. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോമുകള്‍ വ്യാപകമായതോടെ ക്ലൗഡ് കമ്പ്യൂട്ടിങ്ങിനുള്ള സാധ്യത വര്‍ധിച്ചു. ആളുകള്‍ വീട്ടിനുള്ളില്‍ കുടുങ്ങിയതോടെ വീഡിയോ ഗെയിമുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതെല്ലാം എന്‍വിഡിയയുടെ മുന്നേറ്റത്തിന് ആക്കംകൂട്ടി. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ലോകത്ത് എ.ഐ തരംഗം ആഞ്ഞടിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ സിലിക്കണ്‍ വാലി എ.ഐ പ്രൊഡക്റ്റുകളുടെ ഗവേഷണങ്ങളിലേക്ക് കൂടുമാറി. ഓപ്പണ്‍ എ.ഐ ആയിരുന്നു ഇതില്‍ മുന്നില്‍ നിന്നത്. ഇതിനായി വന്‍ കമ്പ്യൂട്ടിങ് പവര്‍ ആവശ്യമായിരുന്നു. അതിനോടകം തന്നെ ഈ മേഖലയില്‍ കഴിവ് തെളിയിച്ച എന്‍വിഡിയ തന്നെയായിരുന്നു എല്ലാവരുടെയും ഒന്നാമത്തെ ഓപ്ഷന്‍. മികച്ച ഇക്കോസിസ്റ്റവും സോഫ്റ്റ്‌വെയറും സപ്ലൈചെയിനുമെല്ലാം ഇവിടെയും കമ്പനിക്ക് കരുത്തായി. അവിടുന്നങ്ങോട്ട് റോക്കറ്റ് കണക്കെയായിരുന്നു എന്‍വിഡിയ കുതിച്ചത്. വൈകാതെ ആപ്പിളും മൈക്രോസോഫ്റ്റും മാത്രമുള്ള മൂന്ന് ട്രില്യണ്‍ ക്ലബ്ബിലേക്ക് എന്‍വിഡിയ എത്തി. അടുത്ത സെക്കൻഡിലെന്നോണം ആദ്യത്തെ നാല് ട്രില്യണ്‍ കമ്പനിയായി മാറി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി എന്നൊക്കെ പൊതുവെ പറയാറുണ്ടെങ്കിലും എന്‍വിഡിയയുടെ വലിപ്പം മനസ്സിലാക്കണമെങ്കില്‍ ചില താരതമ്യങ്ങള്‍ ചെയ്താല്‍ മതി. എന്‍വിഡിയയെക്കാളും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെടുകയും ഈ സമീപകാലം വരെ ചിപ്പ് നിര്‍മ്മാണമേഖലയില്‍ മേധാവിത്വം സ്ഥാപിക്കുകയും ചെയ്ത കമ്പനിയാണ് ഇന്റല്‍. 2020 ല്‍ മാത്രമാണ് മാര്‍ക്കറ്റ് വാല്യുവില്‍ ഇന്റലിന്റെ മുന്‍പിലെത്താന്‍ എന്‍വിഡിയക്ക് കഴിഞ്ഞത്. എന്നാല്‍ ഇന്ന് ഇന്റലിന്റെ നാല്‍പ്പത് ഇരട്ടി മാര്‍ക്കറ്റ് മൂല്യമുള്ള കമ്പനിയാണ് എന്‍വിഡിയ. മെറ്റയെക്കാള്‍ രണ്ടിരട്ടിയും ടെസ്ലയെക്കാള്‍ മൂന്നിരട്ടിയും സാംസങ്ങിനെക്കാള്‍ അഞ്ചിരട്ടിയും മാര്‍ക്കറ്റ് വാല്യു. എങ്ങനെയാണ് കാശുണ്ടാക്കുന്നത്? 1999 ലാണ് എന്‍വിഡിയ ആദ്യത്തെ ജിപിയു പുറത്തിറക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഗെയിമിങ് ഇന്‍ഡസ്ട്രിയിലെ ഗെയിം ചേഞ്ചറായിരുന്നു ഇത്. കമ്പനി തുടങ്ങി മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ മേഖലയിലെ മേധാവിത്വം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നു. വലിയ വരുമാനമാണ് ഇത് കമ്പനിക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. മറ്റൊരു മേഖല ക്രിപ്‌റ്റോ മൈനിങ്ങാണ്. ക്രിപ്‌റ്റോ മൈനിങ്ങിന് മികച്ച പ്രോസസിങ് പവറുള്ള കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. ജിപിയു അവിടെയും വിപ്ലവങ്ങളുണ്ടാക്കി. ഓരോ മിനിറ്റിലും കോടികള്‍ മറിയുന്ന മേഖലകളിലൊന്നാണ് ക്രിപ്‌റ്റോ മൈനിങ് എന്നോര്‍ക്കണം. ചുരുക്കിപ്പറഞ്ഞാല്‍ വലിയ പ്രോസസിങ് പവറുള്ള കമ്പ്യൂട്ടിങ് ആവശ്യമായ മേഖലകളിലെല്ലാം എന്‍വിഡിയ തങ്ങളുടെ മേധാവിത്വം സൃഷ്ടിച്ചു. 2010 ന് ശേഷമാണ് ലോകം തന്നെ മാറ്റിമറിക്കാന്‍ ആവശ്യമായ ഒരു മുന്നേറ്റം സാങ്കേതികവിദ്യയിലുണ്ടാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എ.ഐയുടെ വിശാലമായ സാധ്യതകള്‍ എത്രത്തോളമാണെന്ന് പ്രവചിക്കാന്‍ പോലും മനുഷ്യനിന്നും സാധിച്ചിട്ടില്ല. തിയറികളില്‍ നിന്ന് ഐ.ഐ സോഫ്റ്റ്‌വെയറുകളായും പ്രൊഡക്ടുകളായും മാറി കാശുണ്ടാക്കാന്‍ തുടങ്ങിയതോടെ വന്‍കിട കമ്പനികളെല്ലാം എ.ഐ മോഡലുകള്‍ക്ക് പിന്നാലെയായി. ഒരു കമ്പനിക്ക് സാങ്കേതികമികവും വൈദഗ്ധ്യവും ഉണ്ടായാല്‍ മാത്രം എ.ഐ ഉണ്ടാക്കാന്‍ സാധിക്കില്ല. ഏറ്റവും മികച്ച ഡാറ്റ സെന്ററുകള്‍ വേണം. അവിടെയും വിജയികളായത് എന്‍വിഡിയ ജിപിയു ചിപ്പുകളാണ്. എ.ഐ മേഖലയില്‍ ലോകത്തില്‍ തന്നെ മുന്‍പന്തിയിലുള്ള കമ്പനികളുടെയെല്ലാം കരുത്ത് എന്‍വിഡിയ ചിപ്പുകളാണ്. എ.ഐ ട്രെയിനിങ് മോഡലുകളുടെ കുതിരശക്തിയെന്നാണ് ഇത് അറിയപ്പെടുന്നത്. എ.ഐ ചിപ്പ് മേഖലയിലെ ഒരു അര്‍ധ കുത്തക കമ്പനിയായി എന്‍വിഡിയ മാറിക്കൊണ്ടിരിക്കുകയാണന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. മറ്റ് ചിപ്പ് കമ്പനികള്‍ എന്‍വിഡിയക്ക് ഒപ്പമെത്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും മൂന്ന് പതിറ്റാണ്ടോളമുള്ള ജി.പി.യു വൈദഗ്ധ്യം അവരെ ആര്‍ക്കും സമീപകാലത്തൊന്നും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലേക്കാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. എ.ഐ മേഖലയില്‍ ഓരോ ദിവസവും പുതിയ മുന്നേറ്റങ്ങളുണ്ടാവുമ്പോഴും അതിന്റെ കൂടെ വരുമാനം നേടുന്നത് എന്‍വിഡിയ കൂടിയാണ്. അതാണ് കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ ബില്യണുകളില്‍ നിന്ന് ട്രില്യണുകളിലേക്ക് പറക്കാന്‍ എന്‍വിഡിയക്ക് കരുത്താകുന്നത്. ഇക്കാലയളവില്‍ നിരവധി വിമര്‍ശനങ്ങളും എന്‍വിഡിയക്ക് നേരെയുണ്ടായിട്ടുണ്ട്. ജിപിയു മേഖലയില്‍ തങ്ങളുടെ കുത്തക നിലനിര്‍ത്താന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടു. എ.ഐ ടെക്‌നോളജിയില്‍ ഇത്തരത്തില്‍ മേധാവിത്വമുണ്ടാകുന്നത് ഒരിക്കലും ഗുണകരമാവില്ല എന്നതാണ് ഇത്തരക്കാരുടെ വിമര്‍ശനങ്ങള്‍. മത്സരമില്ലാതാക്കാനായി സാങ്കേതികവിദ്യകള്‍ ലോക്ക് ചെയ്യുന്ന രീതിയും ചൂണ്ടിക്കാട്ടപ്പെട്ടു. ഫ്ളാഗ്ഷിപ്പ് ജിപിയുകള്‍ക്കുള്ള വന്‍ വിലയും ക്രിപ്‌റ്റോമൈനിങ് മേഖലയിലെ ഇടപെടലുകളുമെല്ലാം പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്. എന്‍വിഡിയയുടെ ഈ അസാമാന്യ വിജയത്തിന്റെ കാരണമെന്താണ്? വൈദഗ്ധ്യവും കഠിനാധ്വാനവും പിന്നെ കൊറേ ഭാഗ്യവുമാണെന്നാണ് കമ്പനി സ്ഥാപകനും പ്രസിഡന്റുമായ ജെന്‍സണ്‍ ഹ്വാങിന്റെ വിലയിരുത്തല്‍. എന്‍വിഡിയയുടെ ചരിത്രം വിലയിരുത്തുന്ന ആര്‍ക്കും അത് ശരിയാണെന്ന് ബോധ്യപ്പെടും. കമ്പനിയുടെ ജൈത്രയാത്ര ഇവിടെ തുടങ്ങിയിട്ടേ ഉള്ളുവെന്ന് ഓര്‍ക്കണം. എ.ഐ യുഗം അതിന്റെ ശൈശവഘട്ടം പോലും പിന്നിട്ടിട്ടില്ല. എ.ഐ ഇല്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ സാധിക്കാത്ത ഒരു ലോകത്തേക്കാണ് നാം പോയ്‌ക്കോണ്ടിരിക്കുന്നത്. അവിടെയും ഒന്നാമതെത്താന്‍ എന്തായാരിക്കും എന്‍വിഡിയ ഒരുക്കിവെച്ചിരിക്കുന്നത്. എ.ഐ യുടെ അടുത്ത ഘട്ടം സൂപ്പര്‍ ഇന്റലിജന്‍സാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകഴിഞ്ഞാല്‍ മനുഷ്യനെ കവച്ചുവെക്കുന്ന ഹ്യൂമനോയ്ഡ് റോബോര്‍ട്ടുകള്‍. എന്‍വിഡിയയും ഓപ്പണ്‍ എ.ഐയും ആമസോണിന്റെ ജെഫ് ബെസോസുമെല്ലാം ചേര്‍ന്ന് അതിനുള്ള തയ്യാറെടുപ്പുകളും പരീക്ഷണങ്ങളും ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.