വൈദ്യുതി മീറ്ററുകളെല്ലാം സ്മാർട്ടാക്കി കഹ്റമാ
ദോഹ: ഉപഭോക്തൃ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകർ സ്ഥാപിക്കുന്നത് പൂര്ത്തീകരിച്ച് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ വിഭാഗമായ കഹ്റമ.തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് രാജ്യവ്യാപകമായി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്. പൊതു സേവനങ്ങൾക്കായി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ഖത്തറിന്റെ മികവ് കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കും. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായുള്ള പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഇതിലൂടെ സാധ്യമാക്കുന്നു. മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിൽ ഒരു നാഴികക്കല്ലായി കഹ്റമയുടെ സ്മാർട്ട് മീറ്റർ പദ്ധതി നിലകൊള്ളുന്നു. 2021ലാണ് പരമ്പരാഗത ജല-വൈദ്യുതി മീറ്ററുകൾ മാറ്റി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഈ വർഷം അവസാനത്തോടെ എല്ലാ വൈദ്യുതി മീറ്ററുകളും പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇത് നേരത്തേ പൂർത്തിയാക്കിയാണ് മുന്നേറ്റം. അത്യാധുനിക സ്മാർട്ട് മീറ്ററുകൾ പ്രവർത്തന കാര്യക്ഷമതയും ഒട്ടേറെ സാങ്കേതിക സവിശേഷതകളാലും സജ്ജീകരിച്ചിരിക്കുന്നു.ഉപഭോക്താക്കൾക്ക് ജല- വൈദ്യുത ഉപഭോഗത്തിന്റെ ട്രാക്കിങ്, തകരാറുകൾ നേരത്തേ കണ്ടെത്തി ചെലവില്ലാതെ പരിഹരിക്കൽ, പ്രോപ്പർട്ടി കൈമാറ്റം, വേഗത്തിൽ ബില്ലിങ് നടപടിക്രമങ്ങൾ തുടങ്ങി വിവിധ സജ്ജീകരണങ്ങൾ സ്മാർട്ട് മീറ്ററുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും വേഗത്തിലും സുരക്ഷിതമായും ഊർജ ഉപഭോഗം രേഖപ്പെടുത്താൻ പുതിയ സ്മാർട്ട് മീറ്ററുകൾക്കാകും. ഊർജ ഉപഭോഗം കൃത്യസമയത്ത് രേഖപ്പെടുത്താനും കഴിയും. മെച്ചപ്പെട്ട യൂസർ എക്സ്പീരിയൻസും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്ന നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതാണിത്. കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ വൈദ്യുതി ഉപഭോഗം മനസ്സിലാക്കുന്നതിനായി മൊബൈൽ ആപ്പിൽ വിശദമായ വിവരങ്ങൾ ലഭിക്കും, ഇതിലൂടെ ഊർജവും വെള്ളവും സംരക്ഷിക്കാനാകും. ജലവും വൈദ്യുതിയും പാഴാക്കുന്നവരെയും നിയമലംഘകരെയും കണ്ടെത്താൻ കഴിയുമെന്നതും നിയമലംഘനത്തിന്റെ ഉറവിടം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്നതും ഇതിന്റെ മേന്മയാണ്.എല്ലാ സ്മാർട്ട് മീറ്ററുകളും കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായ മീറ്റർ റീഡിങ്ങുകൾ, ഓട്ടോമേറ്റഡ് ബില്ലിങ് എന്നിവ സാധ്യമാകുന്നു. കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഹ്റമ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയുടെ ഭാഗമാണ് സ്മാർട്ട് മീറ്റർ പ്രോജക്ട് നടപ്പാക്കിയത്. ഇനി 2027 അവസാനത്തിനുള്ളിൽ എല്ലാ വാട്ടർ മീറ്ററുകളും സ്മാർട്ട് മീറ്ററിലേക്ക് മാറ്റുകയാണ് ലക്ഷ്യം.‘ഇനി ലക്ഷ്യം സ്മാർട്ട് വാട്ടർ മീറ്ററുകളുടെ പൂർത്തീകരണം’നൂറുശതമാനം വൈദ്യുതി മീറ്ററുകളും 50 ശതമാനം വാട്ടർ മീറ്ററുകളും സ്മാർട്ട് മീറ്ററുകളാക്കി മാറ്റിയതായി കഹ്റമ കസ്റ്റമർ സർവിസസ് ഡിപ്പാർട്മെന്റിലെ സീനിയർ സ്മാർട്ട് മീറ്റർ എൻജിനിയർ മറിയം അബ്ദുല്ല മുഫ്ത പറഞ്ഞു.സ്മാർട്ട് മീറ്റർ സംവിധാനം രാജ്യത്തെ ജല -വൈദ്യുതി സേവനങ്ങളിൽ ഒരു പുതിയ അധ്യായം തുറന്നിരിക്കുന്നു. 2021ൽ ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിച്ചാണ് കഹ്റമ സ്മാർട്ട് മീറ്റർ പദ്ധതിക്ക് തുടക്കം കുറിച്ചത്.ദേശീയതലത്തിൽ എല്ലാ ഇലക്ട്രിസിറ്റി മീറ്ററുകളും സ്മാർട്ട് മീറ്ററുകളായി പൂർത്തീകരിച്ചതോടെ, ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്മാർട്ട് വാട്ടർ മീറ്ററുകളുടെ പൂർത്തീകരണത്തിനാണ്. ഇനി മീറ്ററിങ്ങുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈൻ ആയിരിക്കും. ഉപഭോക്താക്കൾ സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.