അനില്‍ അംബാനിയെ ‘തട്ടിപ്പ്’ വിഭാഗത്തില്‍നിന്ന് മാറ്റി കനറാ ബാങ്ക്
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്റെ (ആർകോം) വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയതായി കനറാ ബാങ്ക് ബോംബെ ഹൈകോടതിയെ അറിയിച്ചു. 2017ല്‍ കനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍പ്പാക്കാനായി റിലയന്‍സ് കമ്യൂണിക്കേഷന്‍ വകമാറ്റി എന്നു കാണിച്ചാണ് വായ്പകളെ തട്ടിപ്പ് വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയത്. ഇതിനെ ചോദ്യം ചെയ്ത് അനില്‍ അംബാനി സമര്‍പ്പിച്ച പരാതിയാണ് ജസ്റ്റിസ് രേവതി മല്‍ഹോത്ര, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. തീരുമാനം പിൻവലിക്കുന്നതായി ബാങ്ക് അറിയിച്ചതിനാൽ ഹരജി ഹൈകോടതി തീർപ്പാക്കി. സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് 2018ൽ പ്രവർത്തനം നിർത്തിയ ആർകോം നിലവില്‍ പാപ്പരത്ത നടപടികളിലൂടെ കടന്നുപോകുകയാണ്. തട്ടിപ്പ് മുദ്ര ചാർത്തും മുമ്പ് ബാങ്ക് തന്റെ വാദം കേട്ടില്ലെന്നും അനിൽ അംബാനി വ്യക്തമാക്കിയിരുന്നു.