Home latest ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി : ആഗോള തലത്തിൽ ക്രൂ‍ഡ് ഓയിൽ വില ഉയരാതിരിക്കുന്നതിൽ ഇന്ത്യ നിർണായക പങ്കു വഹിച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് പുരി. ഇന്ത്യ റഷ്യൻ ഓയിൽ വൻ തോതിൽ വാങ്ങിക്കൂട്ടിയത് രാജ്യാന്തര വിപണിയിൽ വിലസ്ഥിരതയ്ക്ക് കാരണമായി. ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങിയിരുന്നില്ലെങ്കിൽ ക്രൂ‍ഡ് വില ബാരിന് 120-130 ഡോളറിലേക്ക് കുതിച്ചുയരുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും റഷ്യൻ ഇന്ധനവും റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്നാണ് റഷ്യൻ ഇന്ധനത്തിന് യു.എസും, പടിഞ്ഞാറൻ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഈ അവസരം ഇന്ത്യ തന്ത്രപരമായി ഉപയോഗപ്പെടുത്തുകയായിരുന്നു. റഷ്യൻ ഇന്ധനം വലിയ ഡിസ്കൗണ്ടിലാണ് ഇന്ത്യ വാങ്ങിക്കൂട്ടിയത്. വിദേശ രാജ്യങ്ങളുടെ ഏതിർപ്പ് വകവെക്കാതെ കൂടുതൽ ഇന്ധന ഇറക്കുമതി തുടർച്ചയായി നടത്താനും ഇന്ത്യ ധൈര്യം കാണിച്ചു. മാത്രമല്ല ഇവിടേക്ക് ഇറക്കുമതി ചെയ്ത റഷ്യൻ ക്രൂഡ്, ശുദ്ധീകരിച്ച് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ളവർക്ക് വില്പന നടത്തുകയും ചെയ്തു. ഇന്ത്യയും ക്രൂഡ് വിലയും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലൂടെ ക്രൂഡ് ഓയിൽ ഉല്പാദക രാജ്യം എന്ന നിലയിൽ റഷ്യയുടെ പ്രാധാന്യം വെളിപ്പെടുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 9 മില്യൺ ബാരലുകളിൽ അധികം ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ റഷ്യൻ ഇന്ധനം വാങ്ങുന്നത് നിർത്തിയാൽ പൊടുന്നനെ ഗ്ലോബൽ സപ്ലൈ ചെയിനിൽ നിന്ന് 9 മില്യൺ ബാരൽ അപ്രത്യക്ഷമാവുകയും ഗ്ലോബൽ സപ്ലൈ ഏകദേശം 97 മില്യൺ ബാരലുകളായി താഴുകയും ചെയ്യും. അതായത് ആഗോള തലത്തിലെ ഉപഭോഗത്തിൽ 10% കുറവാണ് സംഭവിക്കുക. ഇത്തരത്തിൽ ഭീമമായ ഇടിവുണ്ടാകുമ്പോൾ ഇന്ധന വില ബാരലിന് 120-130 ഡോളറുകളായി കുതിച്ചു കയറും. പരിമിതമായ സപ്ലൈ നടക്കുന്ന സാഹചര്യത്തിൽ ലോകമെങ്ങും ക്രൂഡ് ഓയിൽ ഡിമാൻഡ് വർധിക്കുമെന്നതാണ് ഇതിന് കാരണമെന്നും ഹർദീപ് പുരി പറഞ്ഞു. ക്രൂഡ് ഓയിൽ ഇറക്കുമതി ലോകത്തെങ്ങും, വിവേകത്തോടെ തീരുമാനങ്ങളെടുക്കുന്നവർക്ക് ക്രൂഡ് ഗ്ലോബൽ സപ്ലൈ ചെയിനിനെക്കുറിച്ച് ബോധ്യമുണ്ടായിരിക്കും. ഡിസ്കൗണ്ട് നിരക്കിൽ റഷ്യൻ ഇന്ധനം വാങ്ങുന്നതിലൂടെ ഇന്ത്യ ആഗോള വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുകയും, ഇത്തരത്തിൽ ഗ്ലോബൽ മാർക്കറ്റിനെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യ ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 80% ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 50% പ്രകൃതി വാതക ഇറക്കുമതിയും നടത്തുന്നു. യു.എസിന്റെ കരുനീക്കം? ഇതിനിടെ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ റഷ്യൻ ഇന്ധന ഇറക്കുമതിയിൽ നിന്ന് തടയുന്നതിനായി യു.എസ് ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ ക്രൂഡ് ഇറക്കുമതി നടത്തുന്ന രാജ്യങ്ങളുടെ യു.എസിലേക്കുള്ള ഇറക്കുമതിക്ക് 500% താരിഫ് ചുമത്താനാണ് ട്രംപ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ റഷ്യയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം.

Comments

Please log in to post your comments.