ഗൾഫിൽ ഏകീകൃത വിസ ഉടൻ
യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നൽകിയത്. 2023ൽ പദ്ധതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗീകാരം നൽകിയിരുന്നെങ്കിലും പ്രാബല്യത്തിൽ വരുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. പദ്ധതി നടപ്പിലായാൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളായ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സന്ദർശിക്കാൻ ഒറ്റ വിസ മതിയാകും. മൂന്നു മാസം വരെ കാലാവധിയുള്ള വിസ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് ഇദ്ദേഹം നൽകുന്ന വിവരം. വിസ നടപടികൾ ഏകീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ ബന്ധുക്കളുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാവുമെന്നുറപ്പാണ്. നിലവിൽ ഓരോ രാജ്യത്തേക്കും പോകുന്നതിന് പ്രത്യേകം വിസ എടുക്കണം. ഏകീകൃത വിസ വരുന്നതോടെ ഇതിനായുള്ള നടപടിക്രമങ്ങളുടെ കാലതാമസവും പണവും ലാഭിക്കാനാവും. നിലവിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച് വിമാന സർവിസുണ്ട്. വിമാനത്തിൽ ഒരു മണിക്കൂർ യാത്രകൊണ്ട് വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്താനാവും. ജി.സി.സിയിലെ വിവിധ രാജ്യങ്ങളിൽ ബിസിനസുള്ളവർക്ക് ഏകീകൃത വിസകൂടി വരുന്നതോടെ ഇടക്കിടെ അവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങാനാവും. ഗൾഫ് രാജ്യങ്ങളിലെ പ്രാദേശിക ടൂറിസം വികസനത്തിന് ഏകീകൃത വിസ പുതിയ ഉണർവ് പകരുമെന്നാണ് വിലയിരുത്തൽ. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കാനും ഇത് സഹായകമാവും. പദ്ധതി നടപ്പിലായാൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ വിമാന സർവിസുകളുടെ എണ്ണം കൂട്ടാനുള്ള തയാറെടുപ്പിലാണ് ഇത്തിഹാദ്, എയർ അറേബ്യ, എമിറേറ്റ്സ് പോലുള്ള വിമാന കമ്പനികൾ. ടൂറിസം പോലെ എണ്ണയിതര വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദുബൈപോലുള്ള നഗരങ്ങളുടെ സാമ്പത്തിക വളർച്ചക്ക് ഇത് ആക്കം കൂട്ടും. അതോടൊപ്പം പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും അടിസ്ഥാന യാത്ര സൗകര്യങ്ങൾ നവീകരിക്കാനും പുതിയ തീരുമാനം പ്രേരകമാവും. പദ്ധതി നടപ്പിലാകുന്നതോടെ ആറ് രാജ്യങ്ങളിലേക്കുള്ള വിസക്ക് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കൂ. ഒന്നോ അതിലധികമോ രാജ്യങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാനും അവസരമുണ്ടാവും.