കാത്തിരിക്കുന്നത് ഭൂമിയെയും വിഴുങ്ങുന്ന മഹാദുരന്തം! സൂര്യന്‍റെ അന്ത്യദിനം എപ്പോള്‍?
ഭൂമിയുടെ അവസാനം എപ്പോൾ, എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് പല വാദങ്ങളും പ്രവചനങ്ങളുമുണ്ട്. സൂര്യന്‍റെ അന്ത്യദിനം എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഉടനെയൊന്നും ഭൂമിയുടെ നക്ഷത്രമായ സൂര്യൻ അവസാനിക്കില്ല എന്നാണ് ആ ചോദ്യത്തിനുള്ള ഉത്തരം. എന്നാൽ ഏതൊരു നക്ഷത്രത്തെയും പോലെ ഒരു അന്ത്യകാലം സൂര്യനുമുണ്ടാകും. എങ്ങനെയാകും സൂര്യന്‍റെ അവസാനം എന്ന ചോദ്യത്തിന് ഇതുവരെയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ വിശദീകരണം നല്‍കുകയാണ് സ്‌പേസ്.കോം പ്രസിദ്ധീകരിച്ച ലേഖനം.സൂര്യന്‍റെ അന്ത്യദിനം എപ്പോള്‍?നക്ഷത്രത്തിലെ ഹൈഡ്രജൻ തീരുമ്പോൾ സൂര്യൻ ഇല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഏകദേശം 5 ബില്യൺ വർഷങ്ങൾക്കുള്ളിൽ ഹൈഡ്രജൻ തീർന്നുപോകുന്നതോടെ സൂര്യൻ ഇല്ലാതെയാകാന്‍ തുടങ്ങും. സൂര്യന്‍ അതിനുശേഷം ഒരു ചുവന്ന ഭീമനായി വികസിക്കുകയും ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങളെ വിഴുങ്ങാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. എന്നാല്‍ ഇതൊന്നും അത്ര വേഗത്തില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളല്ല. സൂര്യന്‍റെ ചുവന്ന ഭീമൻ ഘട്ടം ഏകദേശം 1 ബില്യൺ വർഷങ്ങൾ നീണ്ടുനിൽക്കും. ഈ ഘട്ടത്തിനുശേഷം, സൂര്യൻ അതിന്‍റെ പുറംപാളികൾ ഉപേക്ഷിച്ച് ഒരു ഗ്രഹ നെബുല രൂപപ്പെടുകയും ചെയ്യും. അതായത്, ഒരു വെള്ളക്കുള്ളന്‍ നക്ഷത്രമായാണ് സൂര്യന്‍റെ ജീവിതം എരിഞ്ഞടങ്ങുകയെന്നാണ് ഗവേഷകരുടെ പക്ഷം. കത്തിക്കൊണ്ടിരിക്കുന്ന ആണവ ഇന്ധനമെല്ലാം തീരുമ്പോഴാണ് വെള്ളക്കുള്ളന്‍ എന്ന, മരണപ്പെട്ട നക്ഷത്രമായി സൂര്യന്‍ മാറുക. പിന്നീട് സൂര്യനിൽ പതിയെ താപനില കുറയുകയും തണുത്തുറയുകയും ചെയ്യും. കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രങ്ങളുടെയെല്ലാം അവസാനം ഇതേ രീതിയിലാണ്. ഇപ്പോള്‍ സൂര്യന് ഭൂമിയേക്കാള്‍ ദശലക്ഷക്കണക്കിന് വ്യാപ്തിയുണ്ടെങ്കിലും വെള്ളക്കുള്ളന്‍ ആയി കഴിഞ്ഞാൽ ഭൂമിയോളം മാത്രമേ വ്യാപ്തിയുണ്ടാവൂ.സൂര്യന്‍റെ പിന്നീട് അവശേഷിക്കുന്ന അകക്കാമ്പിൽ കാർബണും ഓക്സിജനും ഉണ്ടായിരിക്കും. ഇവ ഹീലിയം കത്തി തീർന്നതിന്‍റെ അവശിഷ്ടങ്ങൾ ആകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വെളളക്കുള്ളനായി സൂര്യൻ മാറുമ്പോൾ, അല്ലെങ്കിൽ സൂര്യന്‍റെ അവസാനത്തോടെ ഭൂമിക്ക് എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ അതിനും ഉത്തരമുണ്ട്.സൂര്യന്‍ തീര്‍ന്നാല്‍ ഭൂമിയും...ഹൈഡ്രജൻ തീർന്നുപോകുമ്പോൾ സൂര്യൻ ഒരു ചുവന്ന ഭീമനായി വികസിക്കുകയാണല്ലോ ചെയ്യുക. ഈ ഘട്ടത്തില്‍ സൂര്യന് ചുറ്റുമുള്ള ഹൈഡ്രജന്‍ ഹീലിയമായി പരിവര്‍ത്തനം ചെയ്യപ്പെടും. ഈ പ്രവർത്തനങ്ങളുടെ ഫലമായി സൂര്യന്‍റെ വലുപ്പം ഇരട്ടിയാകുകയും ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങളെ അത് വിഴുങ്ങാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യനിൽ ഉണ്ടാകുന്ന ഈ അമിത ചൂട് മൂലം ഭൂമിയുടെ ഉപരിതല താപനില ഉയരും. സമുദ്രങ്ങളും മറ്റ് ജലാശയങ്ങളും ബാഷ്‌പീകരിക്കപ്പെടുകയും ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കുകയും ചെയ്യും. വർധിച്ചുവരുന്ന ചൂട് അന്തരീക്ഷ വാതകങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കുന്നതിനും കാരണമാകും. ഇത്തരം മാറ്റങ്ങൾ ഭൂമിയിൽ ജീവന്‍റെ നിലനിൽപ്പിന് അപകടമായേക്കും. വർധിക്കുന്ന ചൂടും വികിരണവും മിക്ക ജീവജാലങ്ങളുടെയും വംശനാശത്തിലേക്ക് നയിച്ചേക്കാം. ഭൂമിക്ക് പുറമെ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലും, പ്രത്യേകിച്ച് വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയില്‍ ഇതേ പ്രത്യാഘാതങ്ങളുണ്ടാവും. സൂര്യന്‍റെ അന്ത്യം സൗരയൂഥത്തിന്‍റെ അവസാനവുമായിരിക്കും.