ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റർനെറ്റ് സേവനം ആരംഭിക്കാൻ സ്റ്റാർലിങ്കിന് അന്തിമ അനുമതി
കൊച്ചി : ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിന് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് അന്തിമ അനുമതി ലഭിച്ചു. ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഇൻസ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) അനുമതിയാണ് ഒടുവിൽ സ്റ്റാർലിങ്കിന് ലഭിച്ചത്. അഞ്ചു വർഷമാണ് കാലാവധി. ഇനി സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ സ്പെക്ട്രം അനുവദിച്ച് നൽകും. അതിനോടൊപ്പം കേന്ദ്രസർക്കാർ നിർദേശിച്ച സുരക്ഷ, സാങ്കേതിക ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നും കമ്പനിക്ക് തെളിയിക്കേണ്ടി വരും. വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിനായുള്ള അനുമതിക്കായി 2022 മുതൽ സ്റ്റാർലിങ്ക് കാത്തിരിക്കുകയായിരുന്നു. സാറ്റ്‌കോം സേവനം ആരംഭിക്കാൻ കേന്ദ്രസർക്കാരിന്റെ പൂർണ അനുമതി ലഭിക്കുന്ന മൂന്നാമത്തെ സേവനദാതാക്കളാണ് സ്റ്റാർലിങ്ക്. വൺവെബ്ബിനും റിലയൻസ് ജിയോയുടെ സാറ്റ്‌കോം വിഭാഗത്തിനുമാണ് നേരത്തേ സമാനമായി അനുമതി ലഭിച്ചത്. എന്നാൽ, ഇവരിൽനിന്ന് വ്യത്യസ്തമായി എഴുപതിൽ അധികം രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് സാറ്റ്‌കോം സേവനം നൽകുന്നുണ്ട്. ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് മാസത്തിനുള്ളിൽ വാണിജ്യ സേവനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമായിരുന്നു കേന്ദ്ര ടെലികോം മന്ത്രാലയം ഭാഗികമായി സേവനം തുടങ്ങാൻ അനുമതി നൽകിയത്. പ്രതിമാസ ഡേറ്റാ പ്ലാനിന് സ്റ്റാർലിങ്ക് 3,000 രൂപ ഈടാക്കുമെന്നാണ് സൂചന. കൂടാതെ സാറ്റലൈറ്റ് ഡിഷ് അടക്കമുള്ള ഹാർഡ്‌വേർ കിറ്റും 33,000 രൂപ ചെലവിൽ വാങ്ങേണ്ടി വരും.