ശിക്ഷ കഴിഞ്ഞിറങ്ങിയ സഹതടവുകാരന്‍റെ ബാഗിലൊളിച്ച് ജയിൽചാട്ടം; 20കാരന്‍റെ നീക്കത്തിൽ ഞെട്ടി അധികൃതർ
പാരിസ്: സിനിമാക്കഥയെ വെല്ലുന്ന ജയിൽചാട്ടമാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാൻസിലെ ല്യോൺ-കോർബാസിൽ അരങ്ങേറിയത്. കാവൽക്കാരെ ആക്രമിക്കുക, മതിൽ ചാടിക്കടക്കുക, തുരങ്കമുണ്ടാക്കുക തുടങ്ങിയ പതിവ് ‘ജയിൽചാട്ട രീതികളൊ’ന്നുമല്ല ഇവിടെ നടന്നത്. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ സഹതടവുകാരന്‍റെ ബാഗിൽ ഒളിച്ചിരുന്നാണ് 20കാരനായ ജയിൽപ്പുള്ളി ചാടിപ്പോയത്. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാഗിനുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് ചുരുണ്ടുകൂടി കിടന്നതല്ലാതെ, മറ്റ് കായികാധ്വാനമൊന്നുമില്ലാതെ ജയിൽ ചാടിയ പ്രതിയുടെ വാർത്ത ഫ്രഞ്ച് മാധ്യമങ്ങളും കൗതുകത്തോടെയാണ് പുറത്തവിട്ടത്. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതി സംഘടിത കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്നതായി റിപ്പോർട്ടുണ്ട്. ജയിൽ ചാടിയതും സംഘടിത ഗൂഢാലോചനയിലൂടെയാണെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ. പരമാവധി ഉൾക്കൊള്ളാവുന്നതിലുമേറെ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലാണ് തെക്കുഴക്കൻ ഫ്രാൻസിലെ ല്യോൺ - കോർബാസ്. 700ൽ താഴെ തടവുകാരെ പാർപ്പിക്കാനാവുന്ന ജയിലിൽ, 1200ലേരെ പേരാണ് നിലവിൽ ശിക്ഷ അനുഭവിച്ചുവരുന്നത്. എല്ലാവരിലേക്കും ജയിൽ ജീവനക്കാരുടെ ശ്രദ്ധ എത്തുന്നില്ലെന്ന് മനസ്സിലാക്കി ജയിൽചാട്ടം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് അധികൃതർ കണക്കാക്കുന്നു.