ഇത് ഐറിഷ് ഫുട്ബാളിന് അഭിമാന നിമിഷം -കോളിൻ ഒബ്രയൻ
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ അയർലൻഡ് ടീം ഒരുങ്ങുമ്പോൾ ഇതൊരു അഭിമാന നിമിഷമാണ്, രാജ്യത്തെ എല്ലാ കണ്ണുകളും യുവ ഐറിഷ് കളിക്കാരിലായിരിക്കും -അയർലൻഡ് അണ്ടർ 17 ഹെഡ് കോച്ച് കോളിൻ ഒബ്രയൻ പങ്കുവെച്ചു. ധാരാളം യുവ ആരാധകർ മത്സരങ്ങൾ കാണുകയും ടീമിനെ പിന്തുടരുകയും ചെയ്യുന്നു. ലോകകപ്പ് ഗ്രൂപ്പ് സെലക്ഷൻ ഡ്രോ പരിപാടിക്കായി ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം.ലോകകപ്പിന് ഖത്തറിലെ അസ്പയർ സോൺ കോംപ്ലക്സ് ആതിഥേയത്വം വഹിക്കും. ഈ അത്യാധുനികമായ സൗകര്യം ലോകത്തിലെ നിരവധി ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ഒബ്രയൻ രണ്ടാം തവണയാണ് ഇവിടെ എത്തുന്നത്. പിച്ചുകളുടെയും പരിശീലന മൈതാനങ്ങളുടെയും ഗുണനിലവാരം മികച്ചതാണ്. പരിശീലകർക്കും കളിക്കാർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഇത് നിർണായകമാണെന്നും ഹെഡ് കോച്ച് കോളിൻ ഒബ്രയൻ പറഞ്ഞു. ലോകകപ്പ് ഗ്രൂപ് സെലക്ഷൻ ഡ്രോ പരിപാടിക്കിടെ ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡ് -പരാഗ്വേ, ഉസ്ബെക്കിസ്ഥാൻ, പനാമ എന്നിവരെ നേരിടും. ബെൻഫിക്ക താരം ജാഡൻ ഉമെഹ് ഉൾപ്പെടുന്നതാണ് ടീം. ഞങ്ങളുടെ യുവ കളിക്കാർക്ക് ഇതൊരു വലിയ അവസരമാണ്. വിവിധ രാജ്യങ്ങളുമായി കളിക്കാനും ആഗോള തലത്തിൽ രാജ്യത്തിന്റെ പ്രതിഭകളെ പ്രദർശിപ്പിക്കാനും ഞങ്ങൾ ആവേശത്തിലാണ്. വിവിധ ടീമുകളുമായും ആരാധകരുമായും ഞങ്ങൾ ഇടപഴകുക വഴി അവിസ്മരണീയമായ സാംസ്കാരിക വിനിമയം വളർത്തിയെടുക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു -അദ്ദേഹം പറഞ്ഞു. ഈ വർഷം നവംബർ മൂന്നു മുതൽ 27വരെ നടക്കുന്ന ടൂർണമെന്റിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പാണിത്. കൂടാതെ, 2029 വരെ തുടർച്ചയായി അഞ്ച് വർഷം ഖത്തർ ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 25 ദിവസങ്ങളിലായി അസ്പയർ സോണിൽ ആകെ 104 മത്സരങ്ങൾ നടക്കും. 2022 ലെ ഫിഫ ലോകകപ്പിന് വേദിയായ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. പൂർണ്ണമായ മത്സര ഷെഡ്യൂളിനായി, സന്ദർശിക്കുക: https://www.fifa.com/en/tournaments/mens/u17worldcup/qatar-2025.