Home Technology മസ്‌ക് ഇന്ത്യക്കാരുടെ പോക്കറ്റ് കാലിയാക്കുമോ; സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റിന് ഇന്ത്യയില്‍ എത്ര രൂപയാകും?

മസ്‌ക് ഇന്ത്യക്കാരുടെ പോക്കറ്റ് കാലിയാക്കുമോ; സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റിന് ഇന്ത്യയില്‍ എത്ര രൂപയാകും?

ദില്ലി: ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ കടമ്പകൾ ഓരോന്നായി കടക്കുകയാണ് ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് കമ്പനി. ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ സ്റ്റാര്‍ലിങ്കിന് അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഉപഗ്രഹ ഇന്‍റർനെറ്റ് ദാതാവ് നമ്മുടെ നാട്ടിലെത്തുമ്പോൾ ചിലവ് എത്രയാകും എന്നതാണ് ഇപ്പോൾ പ്രധാന ചർച്ച. പറക്കും ഇന്‍റർനെറ്റിന് ഡോളറിന് പകരം രൂപയിൽ എത്ര കരുതണമെന്ന ആകാംഷയിലാണ് ഇന്ത്യക്കാര്‍.ജൂണിൽ ടെലികോം മന്ത്രാലയത്തിന്‍റെ ലൈസൻസ് സ്റ്റാര്‍ലിങ്ക് നേടിയിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്പേസിന്‍റെ അനുമതി കൂടി ലഭിച്ചതോടെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റിന്‍റെ ഇന്ത്യയിലേക്കുള്ള വരവിന് പച്ചക്കൊടിയായി. ഇനി സ്പെക്‌ട്രം കൂടി അനുവദിച്ച് കിട്ടിയാൽ സ്റ്റാർലിങ്ക് സേവനം നമ്മുടെ നാട്ടിലെത്തും. സ്റ്റാര്‍ലിങ്കിന്‍റെ അതിവേഗ ബ്രോഡ്‌ബാന്‍ഡ് ഉപഗ്രഹ ഇന്‍റർനെറ്റ് സേവനത്തിനായി ഇന്ത്യക്കാർ കീശയിലെന്ത് കരുതണം എന്നതിലാണ് ഇനി ആകാംഷ. പ്ലാനും ഭൂമിശാസ്ത്രപരമായ സ്ഥാനവും അനുസരിച്ച്, ഇന്ത്യക്കാർ പ്രതിമാസം 3,000 മുതൽ 7,000 രൂപ വരെ നൽകേണ്ടിവരുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ ഇത് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ വില മാത്രമാണ്. പ്രതിമാസ ഫീസിനു പുറമേ, ഉപയോക്താക്കൾ ഒരു വൈ-ഫൈ റൂട്ടറും ഒരു സാറ്റലൈറ്റ് ഡിഷും ഉൾപ്പെടുന്ന സ്റ്റാർലിങ്ക് കിറ്റും വാങ്ങേണ്ടിവരും എന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ സ്റ്റാൻഡേർഡ് സ്റ്റാർലിങ്കിന് 349 ഡോളർ വിലവരും, അതായത് ഏകദേശം 30,000 രൂപ. അതേസമയം യാത്രയ്ക്കിടെ ഇന്‍റർനെറ്റ് ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന സ്റ്റാർലിങ്ക് മിനി കിറ്റിന് 599 ഡോളർ അതായത് 43,000 ഓളം രൂപ വിലവരും. ഈ കിറ്റുകൾക്ക് ഇന്ത്യയിലും സമാനമായ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് സ്റ്റാർലിങ്ക് പ്ലാനുകൾ നോക്കിയാൽ 50 ജിബി ഡേറ്റയുള്ള 120 ഡോളറിന്‍റെ പ്രതിമാസ പ്ലാനിന് 10,300 രൂപ, അൺലിമിറ്റഡ് ഡേറ്റയുള്ള 165 ഡോളർ പ്ലാനിന് 14,100 രൂപയുമാകുമെന്നാണ് റിപ്പോർട്ടുകൾ.റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം നെറ്റ്‌വർക്കുകളുമായും സ്റ്റാർലിങ്ക് കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ പങ്കാളിത്തം ഇന്ത്യയിലെ സ്റ്റാർലിങ്കിന്‍റെ സേവനങ്ങളുടെ വിലയെയും ലഭ്യതയെയും എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയാം. സ്റ്റാര്‍ലിങ്കിന്‍റെ ഇന്ത്യാ പ്ലാനുകളെ കുറിച്ച് വരും ദിവസങ്ങളില്‍ അറിയാം.

Comments

Please log in to post your comments.