പ്രീമിയം ഫോണില്‍ ആധിപത്യം പ്രഖ്യാപിച്ച് സാംസങ്, ഫോള്‍ഡബിളില്‍ നിശബ്ദരായി ആപ്പിള്‍
സാംസങിന്റെ മൂന്ന് പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളാണ് ജൂലായ് ഒമ്പത് ബുധനാഴ്ച പുറത്തിറക്കിയത്. സ്മാര്‍ട്‌ഫോണുകളുടെ ഭാവി ഫോള്‍ഡബിള്‍ തന്നെയാണെന്ന തങ്ങളുടെ വിശ്വാസം ആവര്‍ത്തിച്ചുകൊണ്ടാണ് സാംസങ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചത്. ഗാലക്‌സി സീ ഫോള്‍ഡ് 7, ഗാലക്‌സി സീ ഫ്‌ളിപ്പ് 7, ഗാലക്‌സി സീ ഫ്‌ളിപ്പ് 7 എഫ്ഇ എന്നീ സ്മാര്‍ട്‌ഫോണുകളാണ് പുതിയതായി വിപണിയിലെത്തിയത്. പതിവ് പോലെ മുന്‍ വര്‍ഷത്തേക്കാള്‍ സാങ്കേതികമായും രൂപകല്‍പനയിലും പുതുമകളേറെയുള്ളത്. എന്നാല്‍ ഈ രംഗത്ത് സാംസങ് ഒറ്റയ്ക്കല്ല. ആന്‍ഡ്രോയിഡിലെ മറ്റ് എതിരാളികളില്‍ നിന്ന് ശക്തമായ മത്സരം സാംസങ് നേരിടുന്നുണ്ട്. വാവേ, വിവോ, ഓണര്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനീസ് വിപണിയില്‍ സാംസങിന് കടുത്ത വെല്ലുവിളിയാണ്. 8.9 ഇഞ്ച് കനമുള്ള ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണായി ഗാലക്‌സി സീ 7 നെ അവതരിപ്പിക്കാനുള്ള സാംസങിന്റെ പദ്ധതി തകര്‍ത്താണ് ദിവസങ്ങള്‍ക്ക് മുമ്പ് 8.8 ഇഞ്ച് കനമുള്ള മാജിക് വി5 ഫോള്‍ബിള്‍ ഫോണ്‍ അവതരിപ്പിച്ചത്. 2024 ല്‍ സ്‌ക്രീനിനെ മൂന്നായി മടക്കാനാവുന്ന പുതിയ തരം ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച് വാവേ സാംസങിനെ വെല്ലുവിളിച്ചിരുന്നു. ഈ ഫോണ്‍ മടക്ക് നിവര്‍ത്തിയാല്‍ ഒരു ഐപാഡിനോളം വലിപ്പമുണ്ട്. ഇതേ ആശയം ചില പരിപാടികളില്‍ സാംസങ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും യാഥാര്‍ത്ഥ്യമായിട്ടില്ല. സാംസങിനെ സംബന്ധിച്ചിടത്തോളം പ്രീമിയം സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ആപ്പിളിനെ നേരിടാനുള്ള സാംസങിന്റെ മറ്റൊരു ആയുധമാണ് ഫോള്‍ഡബിള്‍ ഫോണുകള്‍. സാധാരണ നിലയില്‍ ആപ്പിളിന്റെ പ്രോമോ മോഡലുകലാണ് ഈ രംഗത്ത് മുന്നിലുണ്ടാവാറ്. എന്നാല്‍ ഫോള്‍ഡബിള്‍ വിഭാഗത്തില്‍ സാംസങിനോട് ഒരു മത്സരത്തിന് തയ്യാറാവാന്‍ ഇനിയും ആപ്പിളിന് സാധിച്ചിട്ടില്ല. സാംസങ് ഫോള്‍ഡബിള്‍ രംഗത്തേക്ക് കടന്നുവന്നിട്ട് അരദശകത്തിലേറെയായി. ഫോണായും ടാബ് ലെറ്റായും ഉപയോഗിക്കാവുന്ന ഉപകരണം. സാധാരണ സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് ഒട്ടേറെ നേട്ടങ്ങളുള്ള ഉപകരണം, ഓരോ വര്‍ഷവും പുതിയ ഫീച്ചറുകള്‍ സാംസങ് നിരന്തരം കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു. നൂതന സാങ്കേതിക വിദ്യകളില്‍ ഫോള്‍ഡബിള്‍ ഫോണിന്റെ നിര്‍മാണ രീതി പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. എതിരാളികളേറെയുണ്ടെങ്കിലും ഫോള്‍ഡബിള്‍ വിപണിയിലെ നേതാവായാണ് സാംസങിനെ കാണുന്നത്. എങ്കിലും ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഫോള്‍ഡബിള്‍ ഫോണിന് ഇനിയും കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും വെറും 2 ശതമാനത്തില്‍ താഴെയാണ് ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണി. ഫോണുകളുടെ ഉയര്‍ന്ന വില തന്നെയാണ് ഉപഭോക്താക്കളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതെന്നാണ് കരുതുന്നത്. 2028 ആവുമ്പോഴേക്ക് ഫോള്‍ഡബിള്‍ ഫോണുകളുടെ കയറ്റുമതി 4.57 കോടി യൂണിറ്റുകളായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ 2 കോടിയിലേറെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 1.81 കോടിയുടെ കയറ്റുമതിയാണ് നടന്നത്. നിലവില്‍ വിപണിയിലെ മത്സരം നേരിടാന്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ ഹാര്‍ഡ് വെയര്‍ തലത്തിലും എഐ ഫീച്ചറുകളുടെ കാര്യത്തിലും പുതുമകള്‍ കൊണ്ടുവരാനാണ് സാംസങ് ശ്രമിച്ചുവരുന്നത്. ജെമിനി എഐയെ ഇന്റര്‍ഫെയ്‌സില്‍ ഉടനീളം മനോഹരമായി സമന്വയിമിപ്പിക്കാനും ഫോള്‍ഡബിള്‍ ഫോണിന്റെ ഹിഞ്ച് സാങ്കേതിക വിദ്യ കൂടുതല്‍ മികവുറ്റതാക്കാനും കമ്പനി ശ്രമിക്കുന്നു. എഐ അധിഷ്ടിതമായ ഭാവിയാണ് സ്മാര്‍ട്‌ഫോണിനുള്ളതെന്നും സാംസങ് കണക്കുകൂട്ടുന്നു.