ജനപ്പെരുപ്പവും വർഗീയ ദുഷ്പ്രചാരണവും
ജനസംഖ്യാ വിസ്ഫോടനം സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ സംബന്ധിച്ച ചർച്ച നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും ഏറെ വർഷമായി സജീവമാണ്. അരനൂറ്റാണ്ട് മുമ്പ് സകല മനുഷ്യാവകാശങ്ങളും ചവിട്ടിമെതിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ ഭരണകൂടം ചെയ്തുകൂട്ടിയ ക്രൂരതകളിലൊന്ന് പൗരജനങ്ങളെ പ്രലോഭിപ്പിച്ചും വഴങ്ങിയില്ലെങ്കിൽ നിർബന്ധിതമായി പിടികൂടിയും വന്ധ്യംകരിക്കലായിരുന്നു. അതേ സമയം ജനസംഖ്യാ വളര്‍ച്ച നാടിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകമാണെന്ന ആശയമാണ് ആധുനിക സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. പല വികസിത രാജ്യങ്ങളും ജനസംഖ്യാ നിയന്ത്രണം എടുത്തുകളഞ്ഞ് മാനവ വിഭവശേഷി വര്‍ധിപ്പിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മറ്റു രാജ്യങ്ങളില്‍ നിന്ന് ജനങ്ങളെ സ്വാഗതം ചെയ്തും ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കിയും ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് അവർ നടത്തുന്നത്. ജനസാന്ദ്രത കൂടിയ ചില മൂന്നാം ലോക രാജ്യങ്ങളാവട്ടെ, പഴയ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴും കുടുംബാംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് വികസനം നടപ്പാക്കാമെന്ന വിശ്വാസം വെച്ചുപുലർത്തുന്നു. അയൽരാജ്യമായ ചൈനയെ മറികടന്ന് ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യയിലാവട്ടെ ജനസംഖ്യക്ക് വികസനത്തിനപ്പുറം സാമുദായികവും വർഗീയവുമായ മാനങ്ങൾ കൈവരാറുണ്ട്. ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍, 2030 വരെയുള്ള കരട് ജനസംഖ്യാനയം പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. യു.പിയുടെ പ്രത്യുല്പാദന നിരക്ക് നിലവിലെ 2.7 ശതമാനത്തില്‍നിന്ന്, 2026 ഓടെ, 2.1 ശതമാനമായും 2030 ഓടെ 1.9 ശതമാനമായും കുറച്ച് ദേശീയ ശരാശരിക്ക് ഒപ്പമെത്തിക്കുക എന്നതാണ് നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി പറയുന്നതെങ്കിലും, വോട്ടുബാങ്ക് രാഷ്ട്രീയം തന്ത്രപരമായി പ്രയോഗിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനസംഖ്യ മൊത്തം കുറക്കുകയല്ല, ചില പ്രത്യേക സമുദായങ്ങളുടെ അംഗസംഖ്യ കുറക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ഒളിയജണ്ട. ‘ജനസംഖ്യാ ജിഹാദ്’ തടയുക എന്ന മുദ്രാവാക്യവുമായി ബി.ജെ.പിക്കാരനായ സുപ്രീം കോടതി അഭിഭാഷകന് അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിൽ നടത്തുന്ന കാമ്പയിനുകൾ മുസ്ലിം വിരുദ്ധ വിദ്വേഷ മുദ്രാവാക്യങ്ങളാല്‍ മുഖരിതമാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട വിശ്വഹിന്ദു പരിഷത്തിന്റെ തീപ്പൊരി നേതാവ് പ്രവീണ്‍ തൊഗാഡിയ തന്നെയാണ്, അഷ്ട പുത്രോ ഭവ: (എട്ട് കുട്ടികളുണ്ടാവട്ടെ) എന്നത് ഹിന്ദുക്കള്‍ മുദ്രാവാക്യമായി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തത്. വി.എച്ച്.പി സന്യാസിമാര്‍, കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ വ്യാപകമായി ഇറക്കുകയുണ്ടായി. ഇന്നോ ഇന്നലെയോ അല്ല, സ്വാതന്ത്ര്യ ലബ്ധിക്ക് പതിറ്റാണ്ടുകൾ മുമ്പുതന്നെ ജനസംഖ്യ ചൂണ്ടിക്കാണിച്ചുള്ള വിദ്വേഷ പ്രചാരണവും ഭീതിപരത്തലും ഹിന്ദുത്വ വർഗീയ വലതുപക്ഷം നടത്തിവരുന്നുണ്ട്. 1909ല്‍ വലതുപക്ഷ ഹിന്ദു സൈദ്ധാന്തികന്‍ യു.എന്‍.മുഖര്‍ജി, ‘ഹിന്ദുക്കള്‍ മരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗം’ എന്ന പേരില്‍ ലഘുലേഖ പ്രസിദ്ധീകരിച്ചിരുന്നു. 1915ലെ നാസിക് മഹാസമ്മേളനത്തില്‍ പുരി ശങ്കരാചാര്യര്‍ പ്രവചിച്ചത് ഒരു നൂറ്റാണ്ടുകൊണ്ട് ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറുമെന്നാണ്. ജനസംഖ്യാ പ്രവണതകളെ വിശകലനം ചെയ്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നുവെന്ന ആവലാതിയുമായി 1979ല്‍ ഹിന്ദു മഹാസഭ ലഘുലേഖ ഇറക്കി. തുടർന്ന് നടക്കുന്ന വർഗീയ കലാപങ്ങൾക്ക് ഈ കുപ്രചാരണം വലിയ തോതിൽ എണ്ണ പകരുകയും ചെയ്തു. എ.വി.ജോഷി, എം.ഡി. ശ്രീനിവാസ്, ജെ.കെ.ബജാജ് എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ‘Religious Demography of India’ എന്ന ഗ്രന്ഥമാണ് 2003 മുതൽ സംഘ്പരിവാര്‍ കൊണ്ടാടുന്നത്. 2051-2061 സെന്‍സസ് വര്‍ഷത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുകയും മുസ്ലിംകള് ഭൂരിപക്ഷമാവുകയും ചെയ്യുമെന്ന ഭയം ഈ ഗ്രന്ഥത്തിലൂടെ പ്രചരിപ്പിച്ചു. എന്നാല്‍, ജനസംഖ്യാ പ്രവചനവുമായി ബന്ധപ്പെട്ട് ഗ്രന്ഥകര്‍ത്താക്കള്‍ സ്വീകരിച്ചിരിക്കുന്ന രീതി ശാസ്ത്രം ശരിയല്ലെന്ന വിമര്‍ശനം പ്രമുഖരായ പല ജനസംഖ്യാശാസ്ത്രകാരും ഉയര്‍ത്തിക്കാണിക്കുന്നു. Religious Demography of India: Myths and Realities എന്ന പേരിൽ നാൻസി ലോബോ, ജയേഷ് ഷാ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് 2018ൽ പുറത്തിറക്കിയ വിശദ പഠനം കള്ള പ്രചാരണങ്ങളെ അക്കമിട്ട് പൊളിച്ചടുക്കുന്നുണ്ട്. രാജ്യത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി എഴുതിയ Population Myth: Islam, Family Planning and Politics In India എന്ന പുസ്തകവും സത്യാവസ്ഥ തെളിവുകൾ സഹിതം മുന്നോട്ടുവെക്കുന്നു. 2006ല്‍ സമർപ്പിക്കപ്പെട്ട സച്ചാര്‍ കമീഷന് റിപ്പോര്‍ട്ട് പറഞ്ഞത്, മുസ്ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യക്കൊപ്പമെത്താന് കുറഞ്ഞത് 220 വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ്. 2010ല്‍ ഇന്ത്യയിലെ ജനസംഖ്യാ പരിണാമത്തിന്റെ ഗതിവിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിയ ഒരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെട്ടത് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ഒരു കാലത്തും ഹിന്ദു ജനസംഖ്യയെ മറികടക്കാനാവില്ലെന്നാണ്. പ്യൂ (PEW) ഗവേഷണ കേന്ദ്രം 2015 ഏപ്രില്‍ രണ്ടിന് പുറത്തുവിട്ട റിപ്പോർട്ട്, 2050ല്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 130 കോടിയിലേക്ക് ഉയരുമെന്നും അന്ന് ഹിന്ദുക്കള്‍ ജനസംഖ്യയുടെ 76.7 ശതമാനം പങ്കിടുമെന്നും ചൂണ്ടിക്കാണിക്കുന്നു. ബഹുഭാര്യത്വ സമ്പ്രദായമാണ് മുസ്ലിം ജനസംഖ്യാ വർധനക്ക് വഴിവെക്കുന്നത് എന്ന പ്രചാരണവും ഫാഷിസ്റ്റുകള്‍ വ്യാപകമായി നടത്തുന്നുണ്ട്. ഈ പ്രചാരണവും അസംബന്ധമാണ്. ദേശീയ കുടുംബാരോഗ്യ സർവേകൾ പ്രകാരമുള്ള ആധികാരിക കണക്ക് പരിശോധിക്കുമ്പോൾ ഒന്നിലധികം ഭാര്യമാരുള്ളവര്‍ രാജ്യത്തെ എല്ലാ സമുദായങ്ങളിലുമുണ്ട്. മുസ്ലിംകൾക്കിടയിൽ ഈ സമ്പ്രദായം കുറഞ്ഞുവരുകയുമാണ്. എന്നാല്‍, വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളെയും വ്യക്തമായ സ്ഥിതിവിവര കണക്കുകളെയും ചവിട്ടിമെതിച്ച് ജനപ്പെരുപ്പത്തിലെ മുസ്ലിം ആധിക്യത്തെക്കുറിച്ച് ഫാഷിസ്റ്റ് ദുഷ്പ്രചാരണം മുന്നേറിക്കൊണ്ടിരിക്കുക തന്നെയാണ്.