Home gulf സുഹൃത്തിനായി മരുന്ന് കൊണ്ടുവന്ന് സൗദി ജയിലിലായി; നാലര മാസത്തിന് ശേഷം മോചിതനായ മലയാളി ഉംറ തീർത്ഥാടകൻ നാടണഞ്ഞു

സുഹൃത്തിനായി മരുന്ന് കൊണ്ടുവന്ന് സൗദി ജയിലിലായി; നാലര മാസത്തിന് ശേഷം മോചിതനായ മലയാളി ഉംറ തീർത്ഥാടകൻ നാടണഞ്ഞു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് വന്നപ്പോൾ സുഹൃത്തിനുള്ള മരുന്ന് കൈവശം വെച്ചതിന്റെ പേരിൽ പിടിയിലായ മലയാളി നാല് മാസ ജയിൽവാസത്തിനും എട്ട് മാസത്തെ നിയമക്കുരുക്കിനും ശേഷം നാട്ടിലേക്ക് തിരിച്ചു പോയി. മലപ്പുറം അരീക്കോട് സ്വദേശി മുസ്തഫ പാമ്പൊടനാണ് തന്റെ അശ്രദ്ധ കൊണ്ട് ഇത്രയും അനുഭവിക്കേണ്ടിവന്നത്. ഭാര്യയും രണ്ട് മക്കളുമൊന്നിച്ച് കഴിഞ്ഞ വർഷം ജൂലൈ 24 നാണ് ഇദ്ദേഹം ഉംറക്കായി കോഴിക്കോട് നിന്ന് യാത്രതിരിച്ചത്.ജിദ്ദയിൽ വിമാനം ഇറങ്ങിയപ്പോൾ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. അളവിൽ കൂടുതൽ മരുന്നുകൾ ഇവരുടെ കൈവശം കണ്ടെത്തിയ കസ്റ്റംസ് അധികൃതർ ഇവരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. അറബി ഭാഷാ പ്രശ്നം ഉണ്ടായതിനാൽ തങ്ങളുടെ കുറ്റം എന്തെന്ന് മുസ്തഫക്ക് മനസിലായില്ല. മക്കയിലെ ഷറായ ജയിലിലേക്ക് മാറ്റിയവ ഇവരെ പിന്നീട് മലയാളി പരിഭാഷകന്റെ സഹായത്തോടെ അധികൃതർ നടത്തിയ നീണ്ട ചോദ്യം ചെയ്യലിലാണ് തങ്ങൾ കൊണ്ടുവന്ന മരുന്ന് സുഹൃത്തിനുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിനിടെ മരുന്ന് ഏൽപ്പിക്കേണ്ട സുഹൃത്തിനെയും പൊലീസ് പിടികൂടിയിരുന്നു. കുറ്റം കണ്ടെത്തിയതോടെ 15 ദിവസത്തിന് ശേഷം മുസ്തഫയെയും മരുന്ന് സ്വീകരിക്കേണ്ട സുഹൃത്തിനെയും ശുമൈസിയിലെ പ്രധാന ജയിലിലെ മയക്കുമരുന്ന് വിഭാഗം സെല്ലിലേക്ക് മാറ്റി. നാട്ടുകാരനും മക്കയിലെ ബിസിനസുകാരനുമായ സുബൈറിന്റെ ഇടപെടലിൽ ഭാര്യയെയും മക്കളെയും മക്ക ഷറായ ജയിലിലെ രണ്ട് ദിവസത്തെ വാസത്തിന് ശേഷം അധികൃതർ വിട്ടയച്ചു. ഇവരെ പിന്നീട് നാട്ടിലയച്ചിരുന്നു. നാലരമാസത്തെ ജയിൽ വാസത്തോടൊപ്പം നടന്ന നിയമനടപടികൾക്ക് ശേഷമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്. അയൽവാസിയായ സുഹൃത്ത് മക്കയിലെ അദ്ദേഹത്തിന്റെ സുഹൃത്തിനെ ഏൽപ്പിക്കാൻ നൽകിയതായിരുന്നു മരുന്ന്. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബപന്റിൻ 180 ഗുളികകളാണ് കവറിലാക്കി ഇദ്ദേഹം കൊണ്ടുവന്നത്. സുഹൃത്തായതിനാൽ കവറിലുള്ളത് എന്താണെന്ന് നൊക്കാതെ തന്നെ ബാഗേജിനകത്തു വെച്ച് കൊണ്ടുവരികയായിരുന്നു. എന്താണ് താൻ കൊണ്ടുവന്നത് എന്ന് പോലും മുസ്തഫക്ക് അറിയില്ലായിരുന്നു. സൗദിയിലേക്കുള്ള ആദ്യ യാത്രയായതിനാൽ പരിചയക്കുറവും മുസ്തഫയ്ക്ക് വിനയായി. മരുന്നിനൊപ്പം മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്നും നൽകിയ പ്രിസ്‌ക്രിപ്ഷനും ഉണ്ടായിരുന്നു. എന്നാൽ ഇത് സൗദി ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ഉപകാരമായില്ല. ഈ മരുന്ന് സൗദിയിൽ നിരോധനമുള്ളതല്ലെങ്കിലും മയക്കുമരുന്ന് രോഗികകളും മറ്റും ഇതുപയോഗിക്കാറുണ്ട്. അതിനാൽ തന്നെ സൗദിയിൽ നിന്നുള്ള ഡോക്ടർമാരുടെ അംഗീകൃത പ്രിസ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ മാത്രം നിയന്ത്രണ അളവിലേ ഇത് കൊണ്ടുവരാൻ അനുവാദമുള്ളൂ.നിയമനടപടികൾ അവസാനിച്ച് നാലര മാസത്തെ ജയിൽ വാസത്തിന് ശേഷം ഇദ്ദേഹം പുറത്തിറങ്ങിയെങ്കിലും എല്ലാ നിയമ കുരുക്കുകളും അഴിയാൻ വീണ്ടും ഏഴര മാസം കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ ഉംറ വിസ കാലാവധി അവസാനിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇദ്ദേഹം മക്കയിലെ സുഹൃത്തിന്റെ കൂടെയാണ് താമസിച്ചിരുന്നത്. നാട്ടിൽ ചെറുജോലികൾ ചെയ്തായിരുന്നു മുസ്തഫ കുടുംബം പോറ്റിയിരുന്നത്. ഒരുവർഷം വരുമാനം നിലച്ചതോടെ കുടുംബവും പ്രയാസത്തിലായി. ഒപ്പമുള്ള സുഹൃത്തുക്കളുടെ സഹായമാണ് എല്ലാത്തിനും തുണയായത്. നിയമ നടപടികൾക്ക് ശേഷം ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി കഴിഞ്ഞ ദിവസം മുസ്തഫ നാട്ടിലേക്ക് മടങ്ങി. മക്കയിലെ മുസ്‌തഫയുടെ അയൽവാസിയായ സുബൈർ, സുഹൃത്ത് പാനൂർ ഹോട്ടൽ ഉടമ ഷംഷീർ, അഷ്‌റഫ് എന്നിവരാണ് നിയമനടപടികൾ പൂർത്തിയാക്കാനും മറ്റും സഹായിച്ചത്.രാജ്യത്തിന് പുറത്തുനിന്നുള്ള വിവിധ മരുന്നുകൾ സൗദിയിൽ നിരോധിത ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില മരുന്നുകൾ നിരോധിച്ചിട്ടില്ലെങ്കിലും കൂടുതൽ എണ്ണം കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. ചില ഇന്ത്യൻ മരുന്നുകൾ കൊണ്ടുവരുന്നതിന് സൗദിയിലെ ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്‌ഷനോ ശുപാർശയോ ആവശ്യമാണ്. ഇതറിയാതെ വിവിധ മരുന്നുകൾ പ്രവാസികൾ സൗദിയിൽ കൊണ്ടുവരുന്നത് സൂക്ഷിക്കണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മരുന്ന് സ്വീകരിക്കേണ്ട സുഹൃത്ത് നേരിട്ട് വന്നു കാര്യങ്ങൾ വ്യക്തമാക്കിയത് കൊണ്ട് മാത്രമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്. മയക്കുമരുന്ന് ഗണത്തിൽ ഉൾപ്പെടുത്തിയ മരുന്നുകൾ സൗദിയിലേക്ക് കടത്തി പിടിക്കപ്പെട്ടാൽ വധശിക്ഷ വരെയാണ് ശിക്ഷ. ഉംറക്കോ സന്ദർശനത്തിനോ വരുന്നവർ മാത്രമല്ല, പ്രവാസികളും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.മരുന്ന് സ്വീകരിക്കേണ്ട സുഹൃത്തും ജയിൽവാസം അനുഭവിച്ചു; നിയമനടപടികളും നേരിടുന്നു മുസ്തഫ പിടിക്കപ്പെട്ടതോടെ അദ്ദേഹം കൊണ്ടുവന്ന മരുന്ന് സ്വീകരിക്കേണ്ട മലപ്പുറം വെള്ളുവമ്പ്രം സ്വദേശി യെയും അധികൃതർ പിടികൂടി ജയിലിലടച്ചിരുന്നു. മക്കയിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിന് വേണ്ടിയാണ് വേദനസംഹാരി ഗുളികകൾ മുസ്തഫ കൊണ്ടുവന്നത്. ഇദ്ദേഹത്തിന് ആറ് മാസം തടവും നാടുകടത്തലുമാണ് കേസിൽ ശിക്ഷ വിധിച്ചത്. എന്നാൽ ഇദ്ദേഹം ഒമ്പത് മാസം ജയിൽ ശിക്ഷ അനുഭവിച്ചു ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. നാട്ടിലയക്കാനുള്ള നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ നിലവിൽ ഇദ്ദേഹം മക്കയിലുണ്ട്. നിയമനടപടികൾ പൂർത്തിയാകുന്ന മുറക്ക് ഇദ്ദേഹത്തിനും നാട്ടിലേക്ക് മടങ്ങേണ്ടിവരും.

Comments

Please log in to post your comments.