ലണ്ടനിൽ വിമാനാപകടം; പറന്നുപൊങ്ങിയതിനു പിന്നാലെ തകർന്നുവീണ് അഗ്നിഗോളമായി ചെറുവിമാനം
ലണ്ടൻ: ലണ്ടനിലെ സൗതെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ചെറുയാത്രാവിമാനം തകർന്നുവീണു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) അപകടം. എത്രപേർ അപകടത്തിൽപ്പെട്ടു എന്ന് വ്യക്തമല്ല. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണ് അഗ്നിഗോളമായി. 12 മീറ്റർ നീളമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എസെക്സ് പൊലീസ് അറിയിച്ചു. നെതർലൻഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടർന്ന് റദ്ദാക്കി. അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹൺഡ്രഡ് ഗോൾഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു.