റയലിനെ പൊളിച്ചടുക്കിപി.എസ്.ജി ഫൈനലിൽ
ക്ളബ് ലോകകപ്പ് സെമിയിൽപാരീസ് എസ്.ജി 4-0ത്തിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചു ഫാബിയൻ റൂയിസിന് ഇരട്ട ഗോൾ , പാരീസ് ഫൈനലിലെത്തുന്നത് ഇതാദ്യം ഞായാറാഴ്ച ഫൈനലിൽ പാരീസ് ചെൽസിയെ നേരിടും ന്യൂജേഴ്സി : അഞ്ചുവട്ടം കിരീടം നേടിയിട്ടുള്ള റയൽ മാഡ്രിഡിനെ സെമിഫൈനലിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് നാണം കെടുത്തി ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി ക്ളബ് ലോകകപ്പിന്റെ ഫൈനലിലെത്തി.ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ളീഷ് ക്ളബ് ചെൽസിയാണ് പാരീസിന്റെ എതിരാളികൾ. ഇരട്ട ഗോളുകൾ നേടിയ ഫാബിയൻ റൂയിസും ഓരോ ഗോളടിച്ച ഒസ്മാനെ ഡെംബലെയും ഗോൺസാലോ റാമോസും ചേർന്നാണ് റയലിനെ തകർത്തുവിട്ടത്. 24 മിനിട്ടിനകം മൂന്നുഗോളുകൾക്ക് മുന്നിലെത്തിയ പാരീസ് രണ്ടാം പകുതിയിൽ ഒരുഗോളുംകൂടി നേടി. ആറാം മിനിട്ടിലും 24-ാം മിനിട്ടിലുമായാണ് റൂയിസ് സ്കോർ ചെയ്തത്. 9-ാം മിനിട്ടിൽ ഡെംബലെയും 87-ാം മിനിട്ടിൽ റാമോസും വലകുലുക്കി. തങ്ങളുടെ മുൻ താരം കിലിയൻ എംബാപ്പ അണിനിരന്ന റയലിനെ തീർത്തും അപ്രസക്തമാക്കിയായിരുന്നു യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസിന്റെ തേരോട്ടം.69 ശതമാനം സമയവും പന്ത് കൈവശം വച്ചത് പാരീസ് താരങ്ങളായിരുന്നു. ഫ്രഞ്ച് ക്ളബ് ഏഴുതവണ വലയ്ക്ക് നേരേ ഷോട്ടുതിർത്തപ്പോൾ റയലിന് രണ്ട് തവണയാണ് ഇതിന് കഴിഞ്ഞത്. ഒന്നുപോലും വലയിലെത്തിയതുമില്ല. ഒരു ഗോളടിക്കുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത ഒസ്മാനേ ഡെംബലേയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ അഷ്റഫ് ഹക്കീമിയുമാണ് പി.എസ്.ജിയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഗോളുകൾ ഇങ്ങനെ 1-0 6-ാം മിനിട്ട് ഫാബിയൻ റൂയിസ് ഒസ്മാനെ ഡെബലെയുടെ പാസിൽ നിന്നാണ് റൂയിസ് സ്കോറിംഗ് തുടങ്ങിവച്ചത്. 2-0 9-ാം മിനിട്ട് ഒസ്മാനേ ഡെംബലെ ആദ്യ ഗോളിന് വഴിയൊരുക്കിയ ഡെംബലെ അടുത്ത ഗോൾ നേടുകയും ചെയ്തു. 3-0 24-ാം മിനിട്ട് ഫാബിയൻ റൂയിസ് അഷ്റഫ് ഹക്കീമിയാണ് റൂയിസിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 4-0 87-ാം മിനിട്ട് ഗോൺസാലോ റാമോസ് ബാർകോളയുടെ പാസിൽ നിന്നാണ് റാമോസിന്റെ ഗോൾ പിറന്നത്.