പ്രൊഫ. കുരുവിള ജോസഫ് ഐഐഎസ്‌ടി പ്രോ വൈസ് ചാന്‍സിലര്‍
തിരുവനന്തപുരം: ബഹിരാകാശ വകുപ്പിന് കീഴിലുള്ള കല്‍പിത സര്‍വകലാശാലയായ ഐഐഎസ്‌ടിയുടെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) പ്രോ. വൈസ് ചാന്‍സിലറായി ഡോ. കുരുവിള ജോസഫിന് നിയമനം. ഐഐഎസ്‌ടിയിലെ രജിസ്‌ട്രാറും ഡീനുമായി സേവനം ചെയ്തുവരികെയാണ് ഡോ. കുരുവിള ജോസഫിനെ തേടി പുതിയ ചുമതലയെത്തിയത്. രാജ്യത്തെ ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായുള്ള പ്രത്യേക സര്‍വകലാശാലയാണ് തിരുവനന്തപുരത്തെ ഐഐഎസ്‌ടി.പോളിമര്‍-നാനോ ടെക്‌നോളജി രംഗത്ത് രാജ്യത്ത് അറിയപ്പെടുന്ന അധ്യാപകനും ശാസ്ത്രജ്ഞനുമാണ് ഡോ. കുരുവിള ജോസഫ്. ഒട്ടനവധി പേറ്റന്‍റുകളും 250-ല്‍പ്പരം രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരണങ്ങളും 9 ബുക്കുകളും കുരുവിള ജോസഫിന്‍റെ അക്കാഡമിക് കരിയറിലുണ്ട്. റോയല്‍ സൊസൈറ്റി ഓഫ് കെമിസ്‌ട്രി ഫെലോ കൂടിയായ ഇദേഹത്തിന് 66 എന്ന ശ്രദ്ധേയമായ H ഇന്‍ഡെക്സ് ലഭിച്ചിട്ടുണ്ട്.ബഹിരാകാശ വകുപ്പിന് കീഴില്‍ കല്‍പിത സര്‍വകലാശാലയായി ഐഐഎസ്‌ടി 2007ലാണ് തിരുവനന്തപുരത്ത് സ്ഥാപിതമായത്. ഏഷ്യയിലെ ആദ്യത്തെ സ്പേസ് യൂണിവേഴ്‌സിറ്റിയാണിത്. ബിരുദ, ബിരുദാനന്തര, പിഎച്ച്‌ഡി കോഴ്‌സുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നല്‍കുന്നു. പ്രൊഫസര്‍ ദീപാങ്കര്‍ ബാനര്‍ജിയാണ് നിലവില്‍ ഐഐഎസ്‌ടിയുടെ വൈസ് ചാന്‍സിലര്‍.