കപില്‍ ശര്‍മയുടെ കാനഡയിലെ കഫെക്ക് നേരെ ഖലിസ്താന്‍ ഭീകരന്‍റെ വെടിവെപ്പ്
ടൊറന്റോ: നടനും കൊമേഡിയനുമായ കപില്‍ ശര്‍മ കാനഡയില്‍ ആരംഭിച്ച ഭക്ഷണ ശാലക്ക് നേരെ ആക്രമണം. കഫെക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായാതായണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ഭീകരൻ ഹർജിത് സിങ് ലാഡി ഏറ്റെടുത്തിട്ടുണ്ട്. കപിൽ ശർമയുടെ കോമഡി ഷോയിലെ ഒരു എപ്പിസോഡിൽ, നിഹാങ് സിഖുകാരുടെ വസ്ത്രധാരണത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇവ സിഖ് ആത്മീയ പാരമ്പര്യങ്ങളെയും നിഹാങ് സിഖുകാരുടെ അന്തസിനെയും പരിഹസിക്കുന്നെന്നും കോമഡിയുടെ മറവിൽ ഒരു മതത്തെയും ആത്മീയ സ്വത്വത്തെയും പരിഹസിക്കാൻ കഴിയില്ലെന്നുംുഹത മാപ്പ് പറഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്ന് ആക്രമണത്തിന് മുമ്പ് ഹർജിത് സിങ് ലാഡി അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച കഫെക്ക് നേരെയാണ് ആക്രമണം. കപിലിന്റെ കഫെക്ക് ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംഭവത്തിൽ ഞെട്ടൽ ഉണ്ടെന്നും എന്നാൽ പിന്നോട്ടില്ലെന്നും കപിലിന്‍റെ ടീം പ്രസ്താവനയിലൂടെ അറിയിച്ചു. പിന്തുണച്ചവരോടുള്ള നന്ദിയും അറിയിച്ചു. അക്രമത്തിനെതിരെ ഉറച്ചുനിൽക്കാമെന്നും കാപ്സ് കഫേ ഊഷ്മളതയുടെ സ്ഥലമായി തുടരുന്നുവെന്ന് ഉറപ്പാക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. 'ഹൃദയത്തിൽ നിന്നുള്ള സന്ദേശമാണ്. രുചികരമായ കാപ്പിയിലൂടെയും സൗഹൃദ സംഭാഷണത്തിലൂടെയും ഊഷ്മളതയും സമൂഹവും സന്തോഷവും കൊണ്ടുവരുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ കാപ്‌സ് കഫെ തുറന്നത്. ആ സ്വപ്നത്തിൽ അക്രമം കൂടിച്ചേരുന്നത് ഹൃദയഭേദകമാണ്. ഈ ഞെട്ടൽ ഞങ്ങൾ കൈകാര്യം ചെയ്യുകയാണ്, പക്ഷേ ഞങ്ങൾ ഉപേക്ഷിക്കുന്നില്ല' - എന്ന് പ്രസ്താവനയിൽ പറയുന്നു.