ഓസീസിനെ വട്ടംകറക്കി വീഴ്ത്തിയ തൃശൂര്‍ക്കാരന്‍, എറിഞ്ഞിട്ടത് ഏഴുവിക്കറ്റ്
ചെന്നൈ: മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാനും പഞ്ചാബി ഓഫ് സ്പിന്നർ അൻമോൽജീത് സിങ്ങും തീർത്ത സ്പിൻകുഴിയിൽ ഓസ്‌ട്രേലിയൻ അണ്ടർ-19 ടീം കറങ്ങി വീണു. രണ്ടാം യൂത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഇന്നിങ്‌സിനും 120 റൺസിനും ഓസീസ് കൗമാരപ്പടയെ വീഴ്ത്തി. ഇനാൻ രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റും അൻമോൽജീത് സിങ് ഒമ്പത് വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റിൽ ഇനാൻ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്‌കോർ: ഇന്ത്യ അണ്ടർ 19 ടീം ഒന്നാമിന്നിങ്‌സ് 492. ഓസ്‌ട്രേലിയ അണ്ടർ-19 ടീം 277 & 95. അൻമോൽജീത്താണ് കളിയിലെ താരം. ഒന്നാമിന്നിങ്‌സിൽ 277 ന് റൺസിനാണ് ഓസീസ് പുറത്തായത്. മൂന്നാംദിനം മൂന്നിന് 142 റൺസെന്ന നിലയിലാണ് കളി തുടർന്നത്. നായകൻ ഒലിവർ പീക്ക് (117) സെഞ്ചുറി നേടി. അലക്‌സ് ലീ യങ് (66) അർധസെഞ്ചുറിയും കണ്ടെത്തി. മറ്റ് ബാറ്റർമാർക്ക് തിളങ്ങാനായില്ല. തൃശ്ശൂർ സ്വദേശിയായ ഇനാൻ 60 റൺസിനും അൻമോൽജീത് 72 റൺസിനും നാല് വീതം വിക്കറ്റെടുത്തു. ഫോളോ ഓൺ ചെയ്ത് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഇനാന്റെയും അൻമോൽജീത്തിന്റെയും കറങ്ങുന്ന പന്തുകൾക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇനാൻ 37 റൺസിന് മൂന്നും അൻമോൽ 32 റൺസിന് അഞ്ചും വിക്കറ്റ് വീഴ്ത്തി. 29 റൺസെടുത്ത സ്റ്റീവൻ ഹോഗനാണ് ഓസീസിന്റെ ടോപ് സ്‌കോറർ. രണ്ട് ടെസ്റ്റുകളിലും ഇതോടെ ഓസീസ് തോറ്റു. നേരത്തേ ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു. (3-0).