അടിമുടി വേവുന്ന ചൂടാണ്
ദോഹ: അടിമുടി വേവുന്ന ചൂടാണ് നാടെങ്ങും. എരിപൊരി കൊള്ളുന്ന ചൂടിൽ നാടെങ്ങും വെന്തുരുകുകയാണ്. കഴിഞ്ഞദിവസം രാജ്യത്തെ ചൂട് 47 ഡിഗ്രി സെൽഷ്യസ് വരെയെത്തിയതായി കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം ജുമൈലിയ (47), തുറൈന (47), അൽ ഖോർ (46), അബൂസംറ (47), ഗുവൈരിയ (46), ശഹാനിയ (47), മീസൈമിർ (46), മുഖൈനിസ് (47) എന്നിങ്ങനെയാണ് ഉയർന്ന അന്തരീക്ഷ താപനില. വ്യാഴാഴ്ച അബൂസംറ, ദുഖാൻ, അൽ ഖോർ എന്നിവിടങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനിലയുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ, ജംറത്ത് അൽ ഖൈസ് സീസൺ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ഖത്തർ കലണ്ടർ ഹൗസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. 39 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസണിൽ, ഉയർന്ന താപനില അനുഭവപ്പെട്ടേക്കാമെന്നും ചില സ്ഥലങ്ങളിൽ 50 ഡിഗ്രി വരെ താപനില ഉയരുമെന്നും ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു. ഗൾഫ് മേഖലയിൽ ഹുമിഡിറ്റിയുടെ അളവ് ഉയരുമെന്നും ഈ സീസണിൽ പകൽ സമയം കുറവായിരിക്കുകയും രാത്രി സമയം കൂടുതൽ നീണ്ടുനിൽക്കുമെന്നും നിർദേശമുണ്ട്. ഹ്യൂമിഡിറ്റി ഉയർന്ന തോതിലുള്ളതിനാൽ ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കാനിടയുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണം. സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കുന്നതും ഹ്യുമിഡിറ്റി കൂടുതലുള്ള സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കുകയും കൂടുതൽ ജലപാനം നടത്തുകയും വേണം. ചൂട് കൂടുന്ന സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ളവർ പാലിക്കേണ്ട കരതുലുകൾ സംബന്ധിച്ച് അധികൃതർ നിർദേശം നൽകുന്നുണ്ട്. കനത്ത ചൂടിൽ തൊഴിലെടുക്കുന്നതിന്റെ അപകടം സംബന്ധിച്ച് നിരവധി ബോധവത്കരണ കാമ്പയിനുകൾ തൊഴിൽ മന്ത്രാലയവും സംഘടിപ്പിച്ചുവരുന്നുണ്ട്.