റഷ്യയ്ക്ക് വേണം ഇന്ത്യയിൽനിന്ന് 10 ലക്ഷം വിദഗ്ദ്ധ തൊഴിലാളികളെ; കാരണങ്ങൾ ഇവയെല്ലാം
മോസ്‌കോ: വ്യാവസായിക മേഖലകളിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി ഈ വർഷാവസാനത്തോടെ 10 ലക്ഷം വിദഗ്ദ്ധ ഇന്ത്യൻ തൊഴിലാളികളെ റഷ്യ റിക്രൂട്ട് ചെയ്യും. 'ഈ വർഷാവസാനത്തോടെ 10 ലക്ഷം വിദഗ്ദ്ധർ ഇന്ത്യയിൽനിന്ന് റഷ്യയിലെ സ്വെർഡ്‌ലോവ്‌സ്‌ക് മേഖലയിലേക്കു വരും. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി യെക്കാറ്റെറിൻബർഗിൽ പുതിയ കോൺസുലേറ്റ് ജനറൽ തുറക്കുന്നുണ്ട്.' യുറൽ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മേധാവി ആൻഡ്രേ ബെസെഡിൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഉയർന്ന യോഗ്യതയുള്ള തൊഴിലാളികളുടെ കുറവ് നികത്താൻ ഇന്ത്യക്കാരുടെ കുടിയേറ്റം സഹായിക്കുമെന്ന് ബെസെഡിൻ പറഞ്ഞു. യുറൽ പർവതനിരകളിലാണ് യെക്കാറ്റെറിൻബർഗ് തലസ്ഥാനമായുള്ള സ്വെർഡ്‌ലോവ്‌സ്‌ക് സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്തമായ യുറൽമാഷ്, ടി-90 സീരീസ് ടാങ്ക് നിർമ്മാതാക്കളായ യുറൽ വാഗൺ സാവോഡ് എന്നിവ ഉൾപ്പെടെയുള്ള റഷ്യൻ ഘനവ്യവസായങ്ങളുടെയും സൈനിക-വ്യാവസായിക സമുച്ചയത്തിന്റെയും കേന്ദ്രമാണിത്. വ്യാവസായിക സ്ഥാപനങ്ങൾക്ക് ഉൽപ്പാദനം കൂട്ടേണ്ടതുണ്ടെങ്കിലും വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് നേരിടുന്നുണ്ട്. നിലവിലുണ്ടായിരുന്ന തൊഴിലാളികളിൽ പലരും യുക്രൈയ്‌നിൽ യുദ്ധമേഖലയിലാണ്. യുവാക്കളാകട്ടേ, ഫാക്ടറി ജോലികളിൽ താൽപര്യം കാണിക്കുന്നുമില്ല.. കഴിഞ്ഞ വർഷം മുതലാണ് റഷ്യ ഇന്ത്യൻ തൊഴിലാളികളിൽ താൽപ്പര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. എന്നാൽ, ഇപ്പോൾ എത്രമാത്രം ഇന്ത്യൻ തൊഴിലാളികൾ റഷ്യയിൽ ജോലി ചെയ്യുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമല്ല. ഇന്ത്യയ്ക്കു പുറമെ, ശ്രീലങ്കയിൽനിന്നും ഉത്തര കൊറിയയിൽനിന്നും തൊഴിലാളികളെ ക്ഷണിക്കുന്നതിനെക്കുറിച്ചും റഷ്യ ആലോചിക്കുന്നുണ്ട്. റഷ്യയിൽ 2030 ആകുമ്പോഴേക്കും 31 ലക്ഷം തൊഴിലാളികളുടെ ക്ഷാമം ഉണ്ടാകുമെന്ന് റഷ്യൻ തൊഴിൽ മന്ത്രാലയം നേരത്തേ പറഞ്ഞിരുന്നു. വിദേശ തൊഴിലാളികളുടെ ക്വാട്ട 2025-ൽ ഒന്നര മടങ്ങ് വർദ്ധിപ്പിച്ച് 2.3 ലക്ഷം ആക്കി. റഷ്യൻ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024-ൽ റഷ്യൻ ഫെഡറേഷനു പുറത്തുള്ള രാജ്യങ്ങളിൽനിന്ന് 47,000 തൊഴിലാളികൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 22-ന് മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി റഷ്യ കുടിയേറ്റ നിയമം കർശനമാക്കിയിരുന്നു