Home Entertainment 'കോംമ്പോ ഓഫ് ദി ഡെക്കേഡ്'; എന്താണ് ഹാൻസ് സിമ്മർ ഇന്ത്യക്കാർക്ക് കരുതി വച്ചിരിക്കുന്നത്?

'കോംമ്പോ ഓഫ് ദി ഡെക്കേഡ്'; എന്താണ് ഹാൻസ് സിമ്മർ ഇന്ത്യക്കാർക്ക് കരുതി വച്ചിരിക്കുന്നത്?

ഇന്ത്യൻ സംഗീതത്തിന്റെ ആത്മാവ് ഹോളിവുഡിന്റെ ഓർക്കസ്ട്ര ജീനിയസുമായി ചേർന്നാൽ എന്താണ് സംഭവിക്കാനിരിക്കുന്നത്...? ഇൻസെപ്ഷനിലെ ഡ്രീം വിത്ത് ഇൻ എ ഡ്രീം, ഡാർക്ക് നൈറ്റ് റൈസസിലെ ഫിയർ വിൽ ഫൈൻ്റ് യൂ, മാൻ ഓഫ് സ്റ്റീലിലെ വാട്ട് ആർ യു ഗോയിങ് ടു ഡൂ വെൻ യൂ ആർ നോട്ട് സേവിങ് ദി വേൾഡ്?, ഗ്ലാഡിയേറ്ററിലെ നൗ വീ ആർ ഫ്രീ, ദി പ്രിൻസ് ഓഫ് ഈജിപ്റ്റിലെ റെഡ് സീ, മഡഗാസ്കറിലെ സൂസ്റ്റേഴ്സ് ബ്രേക്കൗട്ട്, കുങ് ഫൂ പാണ്ടയിലെ ഹീറോ, ദി ഹോളിഡേയിലെ മാസ്ട്രോ, പൈരേറ്റ്സ് ഓഫ് ദി കരീബിയനിലെ മ്യൂട്ടിനി, റഷിലെ ലോസ്റ്റ് ബട്ട് വോൺ ഒക്കെ പലതവണ കേട്ട് മന:പാഠമായ സിനിമാ പ്രേമികളെ ഹാൻസ് സിമ്മർ ഇന്ത്യൻ സിനിമയ്ക്ക് സംഗീതമൊരുക്കാൻ വരികയാണ്. എ ആർ റഹ്മാനൊപ്പം രാമായണയിൽ... ഇന്റസ്റ്റെല്ലാറിന് സംഗീതമൊരുക്കാൻ ക്രിസ്റ്റഫർ നോളൻ ഹാൻസ് സിമ്മറിനോട് ആവശ്യപ്പെടുന്നത് ആ സ്ക്രിപ്റ്റ് മുഴുവൻ വായിക്കാൻ നൽകിക്കൊണ്ടല്ല, മറിച്ച് ഒരു പ്രധാന ജോലിക്കായി തന്റെ കുട്ടിയെ ഉപേക്ഷിക്കുന്ന ഒരു അച്ഛനെക്കുറിച്ച് പറയുന്ന ഒരു പേജ് കത്താണ് നോളൻ സിമ്മറിന് നൽകിയത്. അതിൽ നിന്നുണ്ടായതാണ് ആ മാസ്റ്റർ പീസ്...! ഇൻ്റസ്റ്റെല്ലാറിലെ പ്രധാനപ്പെട്ട ഭാഗമാണ് കോൺഫീൽഡ് ചേസ്. കൂപ്പർ ഒരു പഴയ ഇന്ത്യൻ എയർഫോഴ്സ് ഡ്രോൺ പിടിക്കാൻ ചോളപ്പാടത്തിലൂടേ വണ്ടിയോടിക്കുന്ന രംഗം. പഴയ വിമാനം കണ്ട് കൂപ്പറിൻ്റെ ജിജ്ഞാസ കൂടുന്നു. ടയർ പഞ്ചറായ ട്രക്ക് പെട്ടെന്ന് വഴിയിൽ നിന്ന് വയലിലേയ്ക്ക് എടുക്കുകയും ചോള തണ്ടുകൾ ഉഴുതുമറിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകന് മനസിലാക്കാൻ കഴിയാത്തത്ര വേഗത്തിലാണത്. യഥാർത്ഥത്തിൽ നിങ്ങളുള്ളത് ആ വയലിലാണെന്നാണ് വിശ്വാസം. ട്രക്ക് ചോളം ചെടികളെ ആകാശത്തേയ്ക്ക് പറത്തിക്കൊണ്ട് ഡ്രോണിനെ കൂടുതൽ വേഗത്തിൽ പിൻതുടരുമ്പോൾ സംഗീതം ഉച്ചത്തിലും തീവ്രവുമാകുന്നു.കൂപ്പറിനെപ്പോലെ തന്നെ പ്രേക്ഷകനും പിന്തുടരുന്നതിൻ്റെ വേഗത്തിൽ മുഴുകിയിരിക്കുമ്പോൾ വണ്ടി ഒരു ക്ലിഫിലേയ്ക്ക് അടുക്കുകയാണ്. ബ്രേക്കിട്ട് നിർത്തിയ കാറിനൊപ്പം നിലയ്ക്കുന്ന സംഗീതവും കൂപ്പറിൻ്റെ അലർച്ചയും. ഡ്രോൺ അവർക്ക് നഷ്ടമാകുന്നു. നിരാശയോടെ പ്രേക്ഷകൻ സീറ്റ് എഡ്ജിൽ നിന്ന് മടങ്ങുമ്പോൾ കൂപ്പറിനു മാത്രമേ സ്വന്തം നിയന്ത്രണത്തിലേയ്ക്ക് മടങ്ങാൻ കഴിയുന്നുള്ളൂ. രണ്ട് മിനിറ്റിലും അധികം ദൈർഘ്യമുണ്ട് ഈ ട്രാക്കിന്. വീടെന്നു വിളിക്കാൻ ഒരു പുതിയ ലോകത്തിനായി നക്ഷത്രങ്ങൾക്കിടയിലൂടെയുള്ള മനുഷ്യത്വത്തിൻ്റെ അന്വേഷണത്തിലാണ് ഇൻ്റസ്റ്റെല്ലാറിൻ്റെ ആശയമിരിക്കുന്നത്. അത്തരമൊരു പ്രമേയത്തിൻ്റെ അത്ഭുതത്തിലേയ്ക്ക് പ്രേക്ഷകനെ കൊണ്ടുചെന്ന് എത്തിക്കുന്നതിൽ കോൺ ഫീൽഡ് ചേസ് സീനിനാകുന്നിടത്തുനിന്നാണ് ഇൻ്റർസ്റ്റെല്ലാറിൻ്റെ വിജയം തുടങ്ങുന്നത്.2010 മുതൽ ഇറങ്ങിയ ആക്ഷൻ സിനിമകൾ ശ്രദ്ധിച്ചാൽ 'ബ്രാം' സൗണ്ട് ഇഫക്റ്റ് ഉപയോഗപ്പെടുത്തിയിരിക്കുന്നത് മനസിലാകും. ഇൻസെപ്ഷൻ പുറത്തിറങ്ങിയതു മുതൽ ആക്ഷൻ മൂവി ടെയിലറുകളുടെ തുടക്കത്തിൽ ബ്രാം സൗണ്ട് ഉപയോഗിക്കാൻ മറ്റു സംവിധായകർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ട്രോൺ: ലെഗസി, ട്രാൻസ്ഫോമേഴ്സ് 3 എല്ലാം ഇതുപയോഗപ്പെടുത്തിയ വാണിജ്യവിജയങ്ങളാണ്.സിമ്മറിന് ഒരു സിഗ്നേച്ചർ ശബ്ദമുണ്ട്, അയാൾ ഒരുക്കുന്ന നിശബ്ദത പോലും പ്രേക്ഷകനിൽ വൈകാരിക ചലനങ്ങൾ ഉണ്ടാക്കും. വളരെ ടെക്സ്ചേഡ് ആയി ലയേഡ് ആയി അത്ഭുതപ്പെടുത്തും വിധം അടുക്കിവച്ചിരിക്കുന്നതാണ് ഹാൻസ് സിമ്മറിൻ്റെ സംഗീതം. ക്ലാസിക്കൽ ഓർക്കസ്ട്രേഷനെ ഇലക്ട്രോണിക് ടെക്സ്ചറുകളുമായി സംയോജിപ്പിച്ച്, കഥകൾ എങ്ങനെ അനുഭവപ്പെടുന്നുവെന്ന് പുനർനിർവചിക്കുന്ന ആഴമുള്ള ശബ്ദദൃശ്യങ്ങളാണ് ഹാൻസ് സിമ്മർ ഒരുക്കുന്നത്. സൃഷ്ടിപരമായ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയെ മനോഹരമായി ഉപയോഗപ്പെടുത്തും. സംഭാഷണങ്ങളെ ആശ്രയിക്കാതെ തന്നെ സിമ്മറിൻ്റെ സംഗീതം കഥാപാത്രങ്ങളുടെ വികാരങ്ങളെയും ചിന്തകളെയും പ്രേക്ഷകനുമായി ആശയവിനിമയം ചെയ്യും.ലയൺ കിങ് ആണ് ലോക സിനിമാ ലോകത്തെ ഹാൻസ് സിമ്മറിൻ്റെ ആധിപത്യത്തിന് നാഴികക്കല്ലായത്. ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്സിലും ഗോൾഡൻ ഗ്ലോബിലും ഗ്രാമ്മിയിലുമെല്ലാം പലതവണ നോമിനേഷനുകൾ, വിജയങ്ങൾ. 2022ൽ ഡ്യൂണിലൂടെ രണ്ടാമതും ഓസ്കർ. ഇപ്പോൾ തിയേറ്ററുകളിലുള്ള ജോസഫ് കൊസിൻസ്കി- ബ്രാഡ് പിറ്റ് ചിത്രം എഫ് വണ്ണിനായി സിമ്മർ ഒരുക്കിയ പൾസ്-പൗണ്ടിംഗ് സ്കോറും തിയേറ്ററിൽ ആസ്വദിച്ച് തന്നെ അറിയണം.ഇന്ത്യൻ സിനിമയൊന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയാകുന്നത് സായ് പല്ലവിയാണ്. രാവണന്റെ വേഷം യഷും കൈകാര്യം ചെയ്യുന്നു. രാമായണയ്ക്ക് വേണ്ടി എ.ആർ.റഹ്മാനും ജർമ്മൻ സംഗീത‍ഞ്ജൻ ഹാൻസ് സിമ്മറും കൈകോർക്കുമെന്ന് നിർമാതാവ് നമിത് മല്‍ഹോത്ര വ്യക്തമാക്കിയപ്പോൾ ആദ്യമൊരു ഞെട്ടലും ആശ്ചര്യവുമാകും പ്രേക്ഷകർക്ക് തോന്നിയത്. എന്നാൽ കഴിഞ്ഞ ദിവസമെത്തിയ അനൗൺസ്മെൻ്റ് ടീസറോടെ വാനോളമാണ് പ്രതീക്ഷ. ഇന്ത്യൻ സിനിമയുടെ എ ആർ റഹ്മാൻ, ഒപ്പം ഹാൻസ് സിമ്മർ, കോംമ്പോ ഓഫ് ദി ഡെക്കേഡ്! കാത്തിരിപ്പാണ് 2026ലേയ്ക്ക്..

Comments

Please log in to post your comments.