96 Movie: ’96’ സിനിമ അഭിഷേക് ബച്ചനായി എഴുതിയത്? വെളിപ്പെടുത്തലുമായി സംവിധായകൻ
തെന്നിന്ത്യ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു വിജയ് സേതുപതിയെയും തൃഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സി പ്രേം കുമാർ തിരക്കഥയും സംവിധാനവും ഒരുക്കിയ '96'. 2018 ഒക്ടോബർ 4ന് തീയേറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. 1996 ബാച്ചിലെ സ്‌കൂൾ സഹപാഠികൾ 22 വർഷങ്ങൾക്കുശേഷം ഒത്തുകൂടുന്നതും, പ്രണയികൾ ആയിരുന്ന രാമചന്ദ്രനും ജാനകിയും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം ഹിറ്റായതോടെ '96'ന്റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകൻ പ്രേം കുമാർ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.രണ്ടാം ഭാഗത്തിന്റെ കഥ പൂർത്തിയായതായും വിജയ് സേതുപതിയുടെ ഭാര്യയ്ക്ക് കഥ ഇഷ്ടപ്പെട്ടുവെന്നുമാണ് പ്രേം കുമാർ പറഞ്ഞത്. പിന്നീട്, തിരക്കഥയ്ക്ക് വിജയ് സേതുപതിയും സമ്മതം മൂളിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള സംവിധായകന്റെ പുതിയ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, ഇപ്പോഴിതാ ആ കഥാപാത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് അഭിഷേക് ബച്ചനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.96 യഥാർത്ഥത്തിൽ ഹിന്ദിയിലാണ് എഴുതിയതെതെന്നും തനിക്കിപ്പോൾ അക്കാര്യം ധൈര്യത്തിൽ തുറന്നു പറയാൻ കഴിയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമ ആദ്യം ഏല്പിക്കാൻ ആഗ്രഹിച്ചത് അഭിഷേക് ബച്ചനെ ആയിരുന്നു. എന്നാൽ തനിക്ക് കോൺടാക്ടുകൾ ഇല്ലാതിരുന്നതിനാൽ അവിടേക്കെത്താൻ ഒരു മാർഗ്ഗവുമില്ലായിരുന്നുവെന്ന് സംവിധായകൻ വ്യക്‌തമാക്കി. എന്നാൽ, ചിത്രം തമിഴിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. തന്റെ സുഹൃത്തായ വിജയ് സേതുപതിയുടെ പിന്തുണ ഉണ്ടായിരുന്നത് കൊണ്ടാണത് സംഭവിച്ചതെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു.ALSO READ: ലോകേഷിന്റെ പുതിയ തന്ത്രമോ! ടീസറും ട്രെയ്‌ലറുമില്ലാതെ ‘കൂലി’"വായിക്കാനോ എഴുതാനോ അറിയില്ലെങ്കിലും ഹിന്ദി ഭാഷ നന്നായി മനസിലാകും. അച്ഛൻ തമിഴനാണെങ്കിലും ഞാൻ വളർന്നത് വടക്കേ ഇന്ത്യയിലാണ്. അദ്ദേഹം ഹിന്ദി നന്നായി സംസാരിക്കും. എനിക്ക് ഹിന്ദി സിനിമയുമായി എന്നുമൊരു ബന്ധമുണ്ട്. ഹിന്ദി സിനിമയുടെ വ്യാപ്തിയാണ് 96 ഹിന്ദിയിൽ നിർമിക്കാനുള്ള എൻ്റെ ആഗ്രഹത്തിന് പിന്നിൽ" എന്നും പ്രേം കുമാർ പറഞ്ഞു.