Home Sports റൂട്ട് തെളിച്ച് ഇംഗ്ളണ്ട്

റൂട്ട് തെളിച്ച് ഇംഗ്ളണ്ട്

ലോഡ്സ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ്, 99 റൺസുമായി ജോ റൂട്ട് ലണ്ടൻ : ഇന്ത്യയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ളണ്ട് ആദ്യദിനംകളി നിറുത്തുമ്പോൾ 251/4 എന്ന നിലയിൽ. സെഞ്ച്വറിക്ക് ഒരു റൺ അരികെ നിൽക്കുന്ന സീനിയർ താരം ജോ റൂട്ടാണ് ഇംഗ്ളണ്ടിനെ മുന്നോട്ടുനയിച്ചത്. 191 പന്തുകളിൽ 9 ഫോറടക്കമാണ് റൂട്ട് 99 റൺസിലെത്തിയത്. 39 റൺസുമായി ബെൻ സ്റ്റോക്സാണ് റൂട്ടിനാെപ്പം ക്രീസിൽ. കഴിഞ്ഞ ടെസ്റ്റിൽ വിശ്രമത്തിലായിരുന്ന പേസർ ജസ്പ്രീത് ബുംറയെ തിരിച്ചുവിളിച്ചാണ് ഇന്ത്യ ലോഡ്സിൽ ഇറങ്ങിയത്. പ്രസിദ്ധ് കൃഷ്ണയാണ് ബുംറയ്ക്ക് വേണ്ടി മാറിയത്. ഇംഗ്ളണ്ട് ടീമിൽ ജോഷ് ടംഗിന് പകരം ജൊഫ്ര ആർച്ചർ എത്തി. ലോഡ്സിൽ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുത്തത്. ഓപ്പണിംഗിനെത്തിയ സാക്ക് ക്രാവ്‌ലിയും (18) ബെൻ ഡക്കറ്റും (23) മാന്യമായാണ് ഇന്ത്യൻ പേസർമാരെ നേരിട്ട് തുടങ്ങിയത്. എന്നാൽ 14-ാം ഓവറിൽ ഇരുവരെയും പുറത്താക്കി നിതീഷ് കുമാർ റെഡ്ഡി ആതിഥേയർക്ക് ഷോക്കേൽപ്പിച്ചു. കീപ്പർ റിഷഭ് പന്തിനായിരുന്നു ഇരുവരുടെയും ക്യാച്ച്. ഇതോടെ ഇംഗ്ളണ്ട് 44/2 എന്ന നിലയിലായി. തുടർന്ന് റൂട്ടും ഒല്ലീ പോപ്പും(44) ക്രീസിൽ ഒരുമിച്ചു. ലഞ്ചിന് പിരിയുമ്പോൾ 83/2 എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. ചായസമയം വരെയും ഇരുവരും ബാറ്റിംഗ് തുടർന്നു. 109 റൺസ് കൂട്ടിച്ചേർത്തശേഷമാണ് ഒല്ലീ പോപ്പ് പിരിഞ്ഞത്. പോപ്പിനെ ജഡേജ സബ്സ്റ്റിറ്റ്യൂട്ട് കീപ്പർ ധ്രുവ് ജുറേലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. വൈകാതെ ഹാരീ ബ്രൂക്കിനെ (11) ബൗൾഡാക്കി ബുംറയും ഫ്രെയിമിലേക്ക് വന്നു. തുടർന്ന് ജോ റൂട്ടും നായകൻ ബെൻ സ്റ്റോക്സും ചേർന്ന് 200 കടത്തി. പന്തിന് പരിക്ക് ലഞ്ചിന് ശേഷം റിഷഭ് പന്തിന്റെ വിരലിന് പരിക്കേറ്റു. ബുംറയുടെ ഒരു വൈഡ് ബാൾ ഡൈവ് ചെയ്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. 35-ാം ഓവർ മുതൽ ധ്രുവ് ജുറേലാണ് പന്തിന് പകരം കീപ്പറായത്.

Tags:

Comments

Please log in to post your comments.