സഞ്ചരിച്ചത് 96.5 ലക്ഷം കിലോമീറ്റർ, കണ്ടത് 230 സൂര്യോദയങ്ങൾ; ബഹിരാകാശത്ത് കുതിപ്പ് തുടർന്ന് ശുഭാംശു
ആ ക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല കഴിഞ്ഞ രണ്ടാഴ്ചയായി പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമായി അവിടെ തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റായ ശുഭാംശു ഐഎസ്എസ്സില്‍ ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. വിത്ത് മുളയ്ക്കുന്നതിനേയും ചെടികളുടെ പ്രാരംഭവളര്‍ച്ചയേയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കും എന്നറിയാനുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം. ഇപ്പോള്‍ ശുഭാംശു ഉള്‍പ്പെട്ട സംഘത്തിന്റെ ബഹിരാകാശവാസത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആക്‌സിയം സ്‌പേസ്. ജൂണ്‍ 25-നാണ് ആക്‌സിയം-4 ദൗത്യം ഭൂമിയില്‍ നിന്ന് വിക്ഷേപിച്ചത്. 28 മണിക്കൂറിന് ശേഷമാണ് ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. അന്ന് മുതല്‍ ഇന്നുവരെ 230 തവണയാണ് സംഘം ഭൂമിയെ വലംവെച്ചതെന്ന് ആക്‌സിയം സ്‌പേസ് പറഞ്ഞു. 60 ലക്ഷം മൈല്‍ അതായത് 96.5 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സംഘം ഇതുവരെ സഞ്ചരിച്ചത്. ശുഭാംശു ശുക്ല ഇതുവരെ 230 തവണ സൂര്യോദയം കണ്ടുവെന്നും ആക്‌സിയം സ്‌പേസ് അറിയിച്ചു. ശുഭാംശുവും സംഘവും ഭൂമിയെ ഇപ്പോഴും ചുറ്റിപ്പറക്കുന്നതിനാൽ ഈ കണക്കുകൾ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും. 'ഭൂമിക്ക് മുകളില്‍ ഏകദേശം 250 മൈലുകള്‍ (402.33 കിലോമീറ്റര്‍) ഉയരത്തിലിരുന്നുകൊണ്ട് അവര്‍ മാതൃഗ്രഹത്തെ കാണുകയാണ്. ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയാണ്. ഒപ്പം പ്രിയപ്പെട്ടവരോട് സംസാരിക്കുകയുമാണ്.' -ആക്‌സിയം സ്‌പേസ് പറഞ്ഞു. Also Read: ശുഭാംശുവിനെ കൈവീശിക്കാണിച്ചാലോ! അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്നുമുതല്‍ കേരളത്തിന്റെ ആകാശത്ത് അതേസമയം ആക്സിയം-4 ബഹിരാകാശ ദൗത്യം സംഘം വിജയകരമായി പൂര്‍ത്തിയാക്കി. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്സിയം-4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ജൂലായ് ഒമ്പതിനാണ് സംഘം ഐഎസ്എസ്സില്‍ 14 ദിവസം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദൗത്യ സംഘം ഭൂമിയിലേക്ക് തിരിക്കാന്‍ ജൂലായ് 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി നല്‍കുന്ന സൂചന. അതായത് നേരത്തെ തീരുമാനിച്ചതില്‍ കൂടുതല്‍ ദിവസം ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും.