ലൈവ് സ്ട്രീമിങ്ങിനും ആഡംബര ജീവിതത്തിനും വേണ്ടി രണ്ട് ആൺമക്കളെയും പത്ത് ലക്ഷത്തോളം രൂപക്ക് വിൽപന നടത്തി മാതാവ്
ബീജിങ്: ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനായി തന്‍റെ രണ്ട് ആൺമക്കളേയും വിറ്റ മാതാവിന് അഞ്ചുവർഷത്തെ തടവ്ശിക്ഷ നൽകി ചൈനീസ് കോടതി. തെക്കൻ ചൈനയിലെ 26കാരിയായ ഹുവാങ്ങിനാണ് മക്കളെ വിൽപന നടത്തിയ കുറ്റത്തിന് ശിക്ഷ ലഭിച്ചത്. 2020ലാണ് അവർ ആദ്യത്തെ മകനെ പ്രസവിച്ചത്. മകനെ വളർത്താൻ ബുദ്ധിമുട്ടുന്ന ഹുവാങ്ങിന് വീട്ടുടമസ്ഥൻ തന്‍റെ ഒരു ബന്ധുവിനെ പരിചയപ്പെടുത്തുകയായിരുന്നു. മകനെ വിൽപന നടത്തിയ വകയിൽ ലഭിച്ച 6300 ഡോളർ മുഴുവൻ മാതാവ് ചെലവഴിച്ചത് ലൈവ് സ്ട്രീമിങ്ങിന് വേണ്ടിയായിരുന്നു. പണം ചെലവായതോടെ ഹുവാങ് രണ്ടാമതും ഗർഭം ധരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിൽക്കാൻ വേണ്ടി മാത്രമായിരുന്നു അവർ ഗർഭം ധരിച്ചത്. 2022ൽ പ്രസവിച്ച കുഞ്ഞിനെ അവർ 5300 ഡോളറിന് വിറ്റു. കുഞ്ഞിനെ വാങ്ങിയയാൾ പിന്നീട് 14,000 ഡോളറിന് മറിച്ചുവിറ്റു. ഹുവാങ് തനിക്ക് ലഭിച്ച പണം മുഴുവൻ വസ്ത്രങ്ങൾക്കും മറ്റും വേണ്ടിയാണ് ചെലവഴിച്ചത്. പിന്നീട് ഹുവാങ്ങിന്‍റെ കുഞ്ഞുങ്ങളെ വിൽപന നടത്തിയ വിവരം പൊലീസിന് ലഭിക്കുകയും അവർ ഇതേക്കുറിച്ച് അന്വേഷിക്കുകയുമായിരുന്നു. ഫോൺ വിളിച്ചതിന്‍റെ വിവരങ്ങളും വാട് ആപ് ചാറ്റുകളും പരിശോധിച്ചതിലൂടെ ഹുവാങ് കുട്ടികളെ വിൽപന നടത്തിയതിന്‍റെ വിശദ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. രണ്ട് ആൺകുട്ടികളേയും പൊലീസ് രക്ഷപ്പെടുത്തി സർക്കാറിന്‍റെ അധീനതയിലുള്ള ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.