ലോകകപ്പ് ഫുട്ബാളിന് സുരക്ഷയൊരുക്കാൻ ഖത്തറും
ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് സുരക്ഷയൊരുക്കാൻ ഖത്തറും. ഇതു സംബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും അമേരിക്കന്‍ ആഭ്യന്തര സുരക്ഷ വിഭാഗവും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ലോകകപ്പ് ഫുട്ബാള്‍ പോരാട്ടങ്ങള്‍ക്ക് പന്തുരുളാന്‍ ഇനി ഒരു വര്‍ഷം തികച്ചില്ല, അവസാനവട്ട ഒരുക്കങ്ങളിലാണ് ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായാണ് കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളുമായി 2022ല്‍ ലോകകപ്പ് നടത്തിയ ഖത്തറുമായി അമേരിക്ക ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. മൂന്നു വർഷം മുമ്പ് സ്വന്തം മണ്ണിൽ വേദിയൊരുക്കിയ വിശ്വമേളയുടെ വിജയത്തിന്റെ പാഠങ്ങളോടെയാണ് ഖത്തർ അമേരിക്കയിലെത്തുന്നത്. വന്‍മേളകളില്‍ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈദഗ്ധ്യവും ഖത്തര്‍ പങ്കുവെക്കും. വാഷിങ്ടണ്‍ ഡിസിയില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രിയും ലഖ് വിയ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിൻ ഖലീഫ ആൽ ഥാനിയും യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെമും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും പ്രാഥമിക കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ ജൂണിൽ, സുരക്ഷ മേഖലയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഖത്തറിന്റെ ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയും യു.എസിന്റെ സുരക്ഷ ഏജൻസിയായ എഫ്.ബി.ഐയും തമ്മിലുള്ള കരട് ധാരണപത്രത്തിന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷയിലും പങ്കാളികളായിരുന്നു. സുരക്ഷ സന്നാഹവും സംഘാടനടവുംകൊണ്ട് ശ്രദ്ധേയമായ കഴിഞ്ഞ ലോകകപ്പിനു പിന്നാലെ വിവിധ അന്താരാഷ്ട്ര മേളകളിലും ഖത്തറിന്റെ സുരക്ഷ പങ്കാളിത്തമുണ്ടായിരുന്നു. 2024 പാരിസ് ഒളിമ്പിക്സിലും ഇതേ വേദിയിൽ നടന്ന പാരാലിമ്പിക്സിലും ഖത്തറിന്റെ സുരക്ഷ വിഭാഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിൽ 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ കാനഡ, മെക്സിക്കോ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിലായി നടക്കും.