Suresh Gopi: സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാല; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു, പരാതിക്കാരന്റെ മൊഴിയെടുക്കും
തൃശ്ശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ വനം വകുപ്പ് അന്വേഷണം. ഹാജരായി മൊഴി നൽകാൻ പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് അയച്ചു. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകൾ സമർപ്പിക്കാനാണ് പരാതിക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ ഡിഎഫ്ഒയാകും പരാതിക്കാരന്റെ മൊഴിയെടുക്കുക. പരാതിയിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്.വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എഎ മുഹമ്മദ് ഷാഹിമാണ് പരാതിക്കാരൻ. പുലിപ്പല്ല് കെട്ടിയ ലോക്കറ്റുള്ള മാല ധരിച്ച് കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ സുരേഷ് ഗോപി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് അദ്ദേഹം ഡിജിപിക്ക് പരാതി നൽകിയത്. കൂടാതെ, തൃശൂർ ഡിഎഫ്ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.സുരേഷ് ഗോപി വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പുലിപ്പല്ല് മാല ലഭിച്ചത് എങ്ങനെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും, നിയമം സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ കേന്ദ്ര മന്ത്രിയുടെ പ്രവർത്തി ഗുരുതരമായ കൃത്യവിലോപമാണെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ലോക്കറ്റിൽ ഉള്ളത് യഥാർത്ഥ പുലിപ്പല്ലാണോ എന്ന് വനം വകുപ്പ് പരിശോധിക്കും.ALSO READ: 50 സെക്കൻഡിന് 5 കോടി; സ്വന്തമായി പ്രൈവറ്റ് ജെറ്റ്, പത്തോളം വീടുകൾ; ഈ നടിയുടെ ആസ്തി ഞെട്ടിക്കുന്നത്നേരത്തെ, പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി ഉയര്‍ന്നത്. പുലിപ്പല്ല് കൈവശം വെച്ചതായി കണ്ടെത്തിയാൽ വന്യജീവി (സംരക്ഷണ) നിയമ പ്രകാരം മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.