1.72 സെക്കന്റില്‍ 100 കിലോമീറ്ററിലേക്ക്; വേഗതയില്‍ 24 പുതിയ ലോക റെക്കോഡുകള്‍ സ്വന്തമാക്കി നെവേര ആര്‍
ഏ റ്റവുമധികം കരുത്ത് ഉത്പാദിപ്പിക്കുന്ന റോഡ്കാര്‍ എന്നതായിരുന്നു റിമാക്ക് നെവേറ ആര്‍ എന്ന ഹൈപ്പര്‍ കാറിന്റെ മേല്‍വിലാസം. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആക്‌സിലറേഷനും ബ്രേക്കിങ്ങിനുമായി 24 പുതിയ ലോക റെക്കോഡാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മനിയിലെ പാപ്പന്‍ബര്‍ഗ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ ജൂലായ് അഞ്ച് മുതല്‍ എട്ടുവരെ നടന്ന പരീക്ഷണങ്ങളിലാണ് ഈ വാഹനം 24 ലോക റെക്കോഡുകള്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. മണിക്കൂറില്‍ 431 കിലോമീറ്ററാണ് നെവേറ ആര്‍ എന്ന ഇലക്ട്രിക് ഹൈപ്പര്‍ കാറിന്റെ വേഗത. ഒരു പ്രൊഡക്ഷന്‍ ഇലക്ട്രിക് കാറിലെ ഏറ്റവും ഉയര്‍ന്ന വേഗതയാണ് ഇത്. എന്നാല്‍, ആസ്പാര്‍ക്ക് ഔള്‍ എസ്പി 600 എന്ന കണ്‍സെപ്റ്റ് മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 439 കിലോമീറ്ററാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വേഗതയുടെ കാര്യത്തില്‍ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിന്‍ വാഹനങ്ങള്‍ തന്നെയാണ് മുന്നില്‍. ബുഗാട്ടിയുടെ ഷിറോണ്‍ സുപ്പര്‍ സ്‌പോര്‍ട്ട് മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 490 കിലോമീറ്ററാണ്. 1.72 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതാണ് നെവേര ആര്‍ സ്വന്തമാക്കിയ ആദ്യ റെക്കോഡ്. 25.79 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 400 കിലോമീറ്റര്‍ വേഗമെടുക്കാന്‍ ഈ വാഹനത്തിനാകും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 400 കിലോമീറ്റര്‍ വേഗമെടുക്കുന്ന വാഹനത്തില്‍ കൊയിനിഗ്‌സെഗ് ജെസ്‌കോ അബ്‌സൊലട്ട് ആയിരുന്ന ഒന്നാമന്‍. എന്നാല്‍, 27.83 സെക്കന്റ് ആയിരുന്നു ഈ വാഹനം എടുത്തിരുന്ന സമയം. നെവേരയുടെ റെഗുലര്‍ മോഡലിനെക്കാള്‍ 103 എച്ച്പി അധിക പവറുമായാണ് ആര്‍ പതിപ്പ് എത്തിയിരിക്കുന്നത്. 2017 ബിഎച്ച്പി പവറാണ് നെവേര ആര്‍ ഉത്പാദിപ്പിക്കുന്നത്. 120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. നെവേരയുടെ റെഗുലര്‍ പതിപ്പ് 1914 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. 3.95 സെക്കന്റില്‍ 200 കിലോമീറ്ററും 7.89 സെക്കന്റില്‍ 300 കിലോമീറ്ററും വേഗത കൈവരിക്കുന്ന വാഹനമാണ് നെവേര ആര്‍. 9.22 സെക്കന്റ് ആയിരുന്നു റെഗുലര്‍ നെവേരയ്ക്ക് 300 കിലോമീറ്ററിലെത്താന്‍ വേണ്ടിയിരുന്നത്. ഒരു പെര്‍ഫോമെന്‍സ് ഹൈപ്പര്‍ കാറിന് ഇണങ്ങുന്ന ഡിസൈനിലാണ് നെവേര ആര്‍ ഒരുക്കിയിരിക്കുന്നത്. എയറോ ഡൈനാമിക് ശേഷി വര്‍ധിപ്പിക്കുന്ന തരത്തിലാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലാംപ്, എയര്‍ വെന്റുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, മുന്നില്‍ 20 ഇഞ്ചും പിന്നില്‍ 21 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ടയറുകള്‍, വശങ്ങളിലെ ഡോറിലും നല്‍കിയിട്ടുള്ള എയര്‍ കര്‍ട്ടണ്‍, റിയര്‍ സ്പോയിലര്‍ എന്നിവ നല്‍കിയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റ് ഭാവങ്ങള്‍ നല്‍കിയാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. മികച്ച സാങ്കേതികവിദ്യയും ആഡംബരത്തിനുള്ള ഫീച്ചറുകളും ഇന്റീരിയറിലുണ്ട്. സെന്റര്‍ കണ്‍സോളിലായി നല്‍കിയിട്ടുള്ള വലിയ സ്‌ക്രീനാണ് ഇന്‍ഫോടെയ്ന്‍മെന്റായി പ്രവകര്‍ത്തിക്കുന്നത്. റേഞ്ചും മറ്റും കാണിക്കുന്നതിനായി വൃത്താകൃതിയിലുള്ള ഡയലുകള്‍ നല്‍കുന്നുണ്ട്. പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഡ്രൈവര്‍ സൈഡ് ഡിജിറ്റല്‍ സ്‌ക്രീനും ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നുണ്ട്.