നുഴഞ്ഞുകയറിയ മൈനകളെ തുരത്തൽ; പിടികൂടി കൂട്ടിലടച്ചത് 35,838 മൈനകളെ
ദോഹ: ആകാശ അതിരുകൾ കടന്ന് നുഴഞ്ഞുകയറിയ മൈനകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഖത്തർ. വിളകൾ നശിപ്പിച്ചും, മറ്റു പക്ഷികളെ ആക്രമിച്ചും രാജ്യത്തിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമായി മാറിയ മൈനകൾക്കെതിരെ ശക്തമായ നടപടിയാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നത്. പദ്ധതി ആരംഭിച്ചതിനുശേഷം ഏകദേശം 35,838 മൈനകളെ പിടികൂടിയതായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 9416 പക്ഷികളെയാണ് പിടികൂടിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നെത്തി കുടിയേറിയവർ, തിരിച്ചുപോകുന്നില്ലെന്നു മാത്രമല്ല, ഖത്തറിന്റെ പരിസ്ഥിതിക്കുതന്നെ മുറിവേൽപിക്കുംവിധം വളർന്നതോടെയാണ് മന്ത്രാലയം രംഗത്തിറങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ശാസ്ത്രീയവും ആസൂത്രിതവുമായ പദ്ധതികളിലൂടെയാണ് മൈന നിയന്ത്രണം അധികൃതർ നടപ്പാക്കുന്നത്. ഓരോ ഘട്ടത്തിലുമായി കൂടുതൽ കൂടുകൾ സ്ഥാപിച്ചാണ് മൈനപിടിത്തം സജീവമാക്കുന്നത്. കഴിഞ്ഞ വർഷം 16 ഇടങ്ങളിലായിരുന്നു പ്രത്യേക കൂടുകൾ തയാറാക്കി സ്ഥാപിച്ചതെങ്കിൽ ഇത്തവണ തുടക്കത്തിൽ 33 സ്ഥലങ്ങളിൽ കൂടുകൾ വെച്ചാണ് മൈനകളെ കെണിയിലാക്കിയത്. പിന്നീട് ജൂൺ മാസത്തിൽ അത് 35 സ്ഥലങ്ങളിൽ 611 കൂടുകളായി വർധിപ്പിച്ചു. മൈനകളുടെ കൂടുതൽ സാന്നിധ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവിടങ്ങളിൽ കെണിയൊരുക്കി പിടികൂടുന്നത്. കഴിഞ്ഞ വർഷം 150ഓളം കൂടുകളാണ് സ്ഥാപിച്ചതെങ്കിൽ, ജനുവരിയിൽ 434 കൂടുകളിലൂടെ 1512 മൈനകളെയാണ് പിടികൂടിയത്. ഫെബ്രുവരിയിൽ 1350ഉം, മാർച്ചിൽ 1461ഉം, ഏപ്രിലിൽ 1613ഉം എണ്ണത്തെ പിടികൂടി.കാഴ്ചയിൽ നിസ്സാരനും നിരുപദ്രവകാരിയുമെങ്കിലും പരിസ്ഥിതിക്ക് വലിയ ശല്യക്കാരനായാണ് മൈനയെ വിലയിരുത്തുന്നത്. ആക്രമണാത്മക സ്വഭാവം കാരണം മറ്റു പക്ഷിവർഗങ്ങളുടെ നിലനിൽപുതന്നെ ഭീഷണിയാവുന്നു. ഫാമുകളിലും തോട്ടങ്ങളിലും വിളകൾ നശിപ്പിക്കുക മാത്രമല്ല, മലേറിയ, പകർച്ചവ്യാധികൾ ഉൾപ്പെടെ രോഗങ്ങൾ പടർത്താനും ശേഷിയുണ്ട്. രോഗം പകർത്തുന്നത് പ്രാദേശിക പക്ഷി-ജീവ വർഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. രാജ്യാതിർത്തികളും കടലും കടന്ന് പറന്നെത്തുന്ന മൈനകളുടെ എണ്ണം പെരുകിയതോടെയാണ് പരിസ്ഥിതി മന്ത്രാലയം നടപടി ശക്തമാക്കിയത്. നിരീക്ഷിക്കാനും പിടികൂടാനും, വേണ്ട രൂപത്തിൽ ഇവയെ തുരത്താനുമെല്ലാമായി മികച്ച ഫീൽഡ് വർക്ക് സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. പൂർണമായും ഇവയുടെ വരവ് തടയുകയും, പെരുപ്പം നിയന്ത്രിക്കുകയും രാജ്യത്തെ പക്ഷി-ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയുമെല്ലാം മന്ത്രാലയം നേതൃത്വത്തിലെ സമിതിയുടെ ചുമതലയാണ്. ഖത്തറിന്റെത് ഉൾപ്പെടെ മേഖലയിലെ പരിസ്ഥിതി, വൈവിധ്യങ്ങൾക്ക് ഭീഷണിയായ പക്ഷിയായാണ് മൈനയെ കണക്കാക്കുന്നത്. സാധാരണ സീസണുകളിലെത്തുന്ന ദേശാടനക്കിളികൾ നിശ്ചിത സമയത്തിനുശേഷം മടങ്ങുന്നുവെങ്കിൽ ഇവ വാസം ഉറപ്പിക്കുകയും, കുടിയേറിയ സ്ഥലങ്ങളിലെ പരിസ്ഥിതിക്ക് ആഘാതമായി തുടരുകയും ചെയ്യുന്നതായി പക്ഷി നിരീക്ഷകർ പറയുന്നു. ഇതോടെയാണ് 2022 നവംബർ മുതൽ പരിസ്ഥിതി മന്ത്രാലയം മൈനപിടിത്തം സജീവമാക്കിയത്.