ഇ-സ്പോർട്സ് ലോകകപ്പിൽ മൂന്ന് പുതിയ ഗെയിമുകൾ
റിയാദ്: റിയാദ് സിറ്റി ബൊളിവാർഡിൽ നടക്കുന്ന 2025 ഇ-സ്പോർട്സ് ലോകകപ്പ് രണ്ടാം പതിപ്പിൽ മൂന്ന് പുതിയ ഗെയിമുകൾ. ചെസ്, വാലറന്റ്, ഫാറ്റൽ ഫ്യൂരി എന്നീ മൂന്നു ഗെയിമുകളാണ് ഉൾപ്പെടുത്തിയത്. ഇത് ഇ-സ്പോർട്സിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം സ്ഥിരീകരിക്കുകയും ലോകമെമ്പാടുമുള്ള കളിക്കാർക്കിടയിൽ മത്സരത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയവും വ്യാപകവുമായ ഗെയിമുകളിൽ ഒന്നാണ് ചെസ്. ലോകത്താകമാനം കളിക്കാരുടെ എണ്ണം 60 കോടി ആണെന്നാണ് കണക്ക്. ആഗോള ഇലക്ട്രോണിക് മത്സരങ്ങളിലേക്ക് ആദ്യമായാണ് അതിന്റെ ഔദ്യോഗിക പ്രവേശനം. ചെസ് ഗെയിമിന്റെ മഹത്തായ ഡിജിറ്റൽ നവോഥാനത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ചുവടുവെപ്പാണിത്. ‘ഫാറ്റൽ ഫ്യൂറി’ ഒരു പോരാട്ട ഗെയിമാണ്. ആരാധകർക്ക് ഇത് വലിയ ആവേശവും ആശ്ചര്യവുമാണ്. 26 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇതിന്റെ അരങ്ങേറ്റം. ലോകകപ്പ് ഇ-സ്പോർട്സ് രംഗത്തേക്കുള്ള ആദ്യ പ്രവേശനമാണിത്. ‘വാലറന്റ്’ ഒരു ഷൂട്ടിങ് ഗെയിമാണ്. പ്രതിമാസം 2.5 കോടി കളിക്കാരെയും പ്രതിദിനം 70 ലക്ഷത്തിലധികം കളിക്കാരെയും ഉൾക്കൊള്ളുന്ന വലിയ ആരാധകവൃന്ദം കാരണം ഷൂട്ടിങ് ഗെയിംസ് രംഗത്ത് ഇത് ശക്തമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സര ഗെയിമിങ് ടൈറ്റിലുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു.