'രാമായണ'യിൽ ഹനുമാനായി സണ്ണി ഡിയോൾ, ആദ്യ ഭാഗത്തിൽ സ്ക്രീൻ ടൈം കുറയും; കാരണമിതാണ്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. ചിത്രത്തിന്‍റെ ആദ്യഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും. ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായി പല്ലവി സീതയായും യാഷ് രാവണനായുമാണ് എത്തുന്നത്. നടൻ സണ്ണി ഡിയോളാണ് ഹനുമാന്‍റെ വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഒന്നാം ഭാഗത്തിൽ സണ്ണി ഡിയോളിന് പരിമിതമായ സ്ക്രീൻ ടൈമേ ഉണ്ടാകൂ എന്ന വാർത്തയാണ് പുറത്തു വരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ നടന് കൂടുതൽ സ്ക്രീൻ ടൈം ലഭിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വാൽമീകി രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിക്കുന്നത്. രാവണന്റെ പിടിയിൽ നിന്ന് സീതയെ രക്ഷിക്കാൻ ശ്രീരാമനെയും ലക്ഷ്മണനെയും സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഹനുമാന്റെ വരവോടെയാണ് ആദ്യ ഭാഗം അവസാനിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതിനാൽ സിനിമയുടെ അവസാനത്തിൽ ഏകദേശം 15 മിനിറ്റേ സണ്ണി ഡിയോളിന്‍റെ കഥാപാത്രം ഉണ്ടാകു. അടുത്തിടെ, മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ആദ്യ ഗ്ലിംപ്സ് വിഡിയോയിലൂടെ ടീം ചിത്രത്തിന്റെ ഔദ്യോഗിക പേര് വെളിപ്പെടുത്തി. ഒൻപത് ഇന്ത്യൻ നഗരങ്ങളിലും ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും പ്രദർശനങ്ങൾ നടന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അതിന്റെ കഥപറച്ചിലിലൂടെയും ഗാംഭീര്യത്തിലൂടെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ, ശ്രീരാമനും രാവണനും തമ്മിലുള്ള സംഘർഷമാണ് വിഡിയോയിൽ ഉള്ളത്. 'രാമായണ'ത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ സംഗീതമാണ്. പ്രശസ്ത സംഗീതസംവിധായകരായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും തമ്മിലുള്ള സഹകരണം ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർമാരായ ടെറി നോട്ടറിയും ഗൈ നോറിസും ആക്ഷൻ സീക്വൻസുകൾക്ക് മേൽനോട്ടം വഹിക്കും. ദൃശ്യ-ശ്രവണ ഗാംഭീര്യം ഉറപ്പാക്കിക്കൊണ്ട് ചിത്രത്തിന്റെ ഇതിഹാസതുല്യമായ അനുഭവം ലഭ്യമാക്കുക എന്നതാണ് നിർമാതാക്കളുടെ ലക്ഷ്യം.