Home Sports ഒന്നല്ല, തുടരെ തുടരെ മൂന്ന് സെഞ്ച്വറി, 17 വിക്കറ്റ്; ഇംഗ്ലണ്ട് മണ്ണിൽ തീപടർത്തി മുഷീർ ഖാൻ, സർഫറാസിനെ വെല്ലുമോ സഹോദരൻ..!

ഒന്നല്ല, തുടരെ തുടരെ മൂന്ന് സെഞ്ച്വറി, 17 വിക്കറ്റ്; ഇംഗ്ലണ്ട് മണ്ണിൽ തീപടർത്തി മുഷീർ ഖാൻ, സർഫറാസിനെ വെല്ലുമോ സഹോദരൻ..!

ലണ്ടൻ: ഇംഗ്ലണ്ട് മണ്ണിൽ തുടരെ തുടരെ മൂന്ന് സെഞ്ച്വറികളും 17 വിക്കറ്റുകളും വീഴ്ത്തി ഇടിവെട്ട് പ്രകടനവുമായി മുഷീർ ഖാൻ. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനായ മുഷീർ ഇന്ത്യയുടെ മുൻ അണ്ടർ 19 താരവും നിലവിൽ മുംബൈ എമേർജിങ് ടീമിന്റെ ഓൾറൗണ്ടറുമാണ്. ലണ്ടൻ പര്യടനത്തിൽ ചാലഞ്ചേഴ്സിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 123 റൺസാണ് അടിച്ചുകൂട്ടിയത്. കൂടാതെ ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങിസിലെ ഒന്നും ഉൾപ്പെടെ ഏഴു വിക്കറ്റുകളും സ്വന്തമാക്കി. സമനിലയായ മത്സരത്തിൽ മുഷീർ തന്നെയായിരുന്നു പ്ലയർ ഓഫ് ദി മാച്ച്. രണ്ടാം മത്സരത്തിൽ നോട്ടിങ്ഹാംഷെയർ സെക്കൻഡ് ഇലവനെതിരെ രണ്ടാം ഇന്നിങ്സിൽ 125 റൺസും രണ്ടു ഇന്നിങ്സുകളിൽ നിന്നായി 10 വിക്കറ്റും വീഴ്ത്തി. ലോഫ്ബറോ ടീമിനെതിരെ നടന്ന മൂന്നാം മത്സരത്തിലും താരം മുഷീർ തന്നെയായിരുന്നു. ആദ്യ ഇന്നിങ്സിൽ 154 റൺസാണ് മുഷീർ അടിച്ചെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നും പ്രകടനം കാഴ്ചവെച്ച 20കാരനായ മുഷീർ സഹോദരൻ സർഫറാസിനെ വെല്ലുമെന്നാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വർത്തമാനം. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ദീർഘകാലം വിശ്രമത്തിലായിരുന്ന താരത്തിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഇംഗ്ലണ്ട് പര്യടനം. ഇറാനി കപ്പിനായി കാൺപൂരിൽ നിന്ന് ലഖ്നോയിലേക്ക് പിതാവിനൊപ്പം സഞ്ചരിക്കവയെയാണ് അപകടം സംഭവിച്ചത്. പരിക്ക് മാറി ഐ.പി.എല്ലിൽ തിരിച്ചെത്തിയ മുഷീർ പഞ്ചാബ് കിങ്സിനായി കളത്തിലിറങ്ങിയിരുന്നു.

Comments

Please log in to post your comments.