സുരേഷ് ഗോപിയുടെ 'പുലിപ്പല്ല്' മാലയിൽ അന്വേഷണം; പരാതിക്കാരന്റെ മൊഴിയെടുക്കും, തെളിവ് ഹാജരാക്കണമെന്ന് വനംവകുപ്പ്
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരന് ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി ഉയര്‍ന്നത്. സുരേഷ് ഗോപി കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ എ മുഹമ്മദ് ഹാഷിമാണ് പരാതിക്കാരന്‍. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹാഷിം പരാതി നൽകിയത്.