യുദ്ധാനന്തര ഗാസ ഭരിക്കാൻ ഹമാസിന് സാധിക്കില്ല, ആയുധങ്ങൾ കെെമാറണം; പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ്
അമ്മാൻ: യുദ്ധാനന്തര ഗാസ ഭരിക്കാന്‍ ഹമാസിന് സാധിക്കില്ലെന്നും അവരുടെ ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണമെന്നും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ജോര്‍ദാനിലെ അമ്മാനില്‍ മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് മഹ്‌മൂദ് അബ്ബാസ് നയം വ്യക്തമാക്കിയത്. അടിയന്തര വെടിനിര്‍ത്തല്‍, ഇരുവശത്തുമുള്ള എല്ലാ തടവുകാരെയും മോചിപ്പിക്കല്‍, അറബ്, അന്താരാഷ്ട്ര പിന്തുണയോടെ പലസ്തീന്‍ അതോറിറ്റിക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇസ്രയേലിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ എന്നിവയും അബ്ബാസ് ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടുകൊടുക്കുന്നതില്‍ ഹമാസ് തൊടുന്യായം പറഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്കെതിരേയുള്ള ഇസ്രയേല്‍ ആക്രമണം തുടരുമെന്നും അബ്ബാസ് പറഞ്ഞു. ഹമാസിന്റെ കടുത്ത വിമര്‍ശകനാണ് അബ്ബാസ്. ഹമാസിനെ നായകളുടെ സന്തതികള്‍ (sons of dogs) എന്നാണ് അബ്ബാസ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നാണ് അബ്ബാസ് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിന് തടസം ഹമാസാണെന്നാണ് അബ്ബാസ് പറയുന്നത്.