വാട്സാപ്പിൽ ജൂനിയേഴ്സിനോട് മോശമായി പെരുമാറുന്നതും റാഗിങ്: യുജിസി
ന്യൂഡൽഹി : അനൗദ്യോഗികമായി ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ജൂനിയേഴ്‌സിനോട് മോശമായി പെരുമാറു ന്നതിനെയും റാഗിങ് ആയി പരിഗണിക്കുമെന്ന് യുജിസി. ജൂനിയർ വിദ്യാർഥികളെ ഉപദ്രവിക്കാനായി വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്നത് നിരീക്ഷിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി നിർദേശിച്ചു. പല കേസുകളിലും ജൂനിയർ വിദ്യാർഥികളെ ചേർത്ത് അനൗദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് മാനസികമായി പീഡിപ്പിക്കുന്നത്. അതിനെയും റാഗിങ് പരിധിയിൽപ്പെടുത്തി നിയമപ്രകാരമുള്ള നടപടിയെടുക്കണം. മുതിർന്ന വിദ്യാർഥികളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജൂനിയർ വിദ്യാർഥികളെ കാമ്പസിൽ ഒറ്റപ്പെടുത്തുന്ന രീതിയുണ്ട്. അതടക്കം എല്ലാത്തരം റാഗിങ് മുറകളും തടയണം. റാഗിങ്ങിനെതിരേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ലെങ്കിൽ ഗ്രാന്റുകൾ തടയുമെന്നും യുജിസി മുന്നറിയിപ്പ് നൽകി.