ഇന്ത്യന്‍ ഭക്ഷണങ്ങള്‍ സൂപ്പറല്ലേ! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഹല്‍വ കഴിച്ച് ശുഭാംശു ശുക്ലയും കൂട്ടരും
ഐഎസ്എസ്: സുനിത വില്യംസിന് ശേഷം ബഹിരാകാശത്ത് ഇന്ത്യന്‍ ഭക്ഷണ പാരമ്പര്യം അറിയിച്ച് ആക്സിയം 4 ദൗത്യത്തിലുള്ള വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) വച്ച് ക്യാരറ്റ് ഹൽവ കഴിച്ച ശുഭാംശു, അത് തന്‍റെ സുഹൃത്തുക്കള്‍ക്കായി പങ്കിടുകയും ചെയ്തു. ശുഭാംശു ശുക്ല അടക്കമുള്ള 11 ഐഎസ്എസ് ഗവേഷകര്‍ വ്യത്യസ്ത ഭക്ഷണവിഭവങ്ങള്‍ പങ്കിടുന്നതിന്‍റെ ചിത്രങ്ങള്‍ നാസയുടെ ബഹിരാകാശ സഞ്ചാരിയായ ജോണി കിം എക്‌സില്‍ പങ്കുവെച്ചു.ഐഎസ്എസിലെ രുചിക്കാഴ്‌ചമാനവികതയുടെ വളര്‍ച്ചയ്ക്ക് ശാസ്ത്രലോകം നല്‍കിയ വലിയ സംഭാവനകളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 400 കിലോമീറ്ററിലധികം അകലത്തിലൂടെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന നിലയത്തില്‍ നിലവില്‍ ഗവേഷകരായ 11 സഞ്ചാരികളാണ് കഴിയുന്നത്. അവരുടെ ഓര്‍മ്മകള്‍ക്ക് മധുരമേകി ലോകത്തിന്‍റെ രുചിവൈവിധ്യങ്ങള്‍ തീന്‍മേശയിലെത്തി. ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി ഐഎസ്എസിലെത്തിയ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഹല്‍വ രുചിച്ചു, മറ്റുള്ളവര്‍ക്കായി ഹല്‍ഹ പങ്കിടുകയും ചെയ്തു. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളുടെ വിശേഷങ്ങള്‍ ശുഭാംശു സഹപ്രവര്‍ത്തകരുമായി പങ്കിട്ടിട്ടുണ്ടാകും എന്നുറപ്പ്. നിലയത്തിലെ മറ്റ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളും തീന്‍മേശയിലുണ്ടായിരുന്നു. ഭൂമിയിലെ പോലെ അന്താരാഷ്ട്ര ബഹിരാകാശ നിലയവും വ്യത്യസ്‌തതകളുടെ കൂടിച്ചേരലാണ്, രാജ്യങ്ങളുടെയോ മറ്റോ അതിര്‍വരമ്പുകള്‍ അവിടെയില്ല എന്നോര്‍മ്മിപ്പിക്കുന്നു നാസയുടെ ബഹിരാകാശ സഞ്ചാരിയായ ജോണി കിം. ‘ഈ ദൗത്യത്തിൽ എന്‍റെ മനസ് തൊട്ടറിഞ്ഞ മറക്കാനാവാത്ത വൈകുന്നേരങ്ങളിലൊന്നാണിത്, ഐഎസ്എസിലെ പുതിയ സുഹൃത്തുക്കളായ ആക്‌സിയം 4 ദൗത്യസംഘത്തിനൊപ്പം ഭക്ഷണം പങ്കിട്ടു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ബഹിരാകാശത്ത് മനുഷ്യരാശിയെ പ്രതിനിധീകരിക്കാൻ എങ്ങനെ ഒത്തുചേരുന്നുവെന്ന് കഥകൾ കൈമാറി ഞങ്ങള്‍ ആശ്ചര്യംകൊണ്ടു’- എന്നുമാണ് ജോണി കിമ്മിന്‍റെ വാക്കുകള്‍. One of the most unforgettable evenings I’ve experienced on this mission was sharing a meal with new friends, Ax-4, aboard the International @Space_Station. We swapped stories and marveled at how people from diverse backgrounds and nations came together to represent humanity in... pic.twitter.com/hdzXxrwLaV— Jonny Kim (@JonnyKimUSA) July 10, 2025 ആക്സിയം 4 അണ്‍ഡോക്കിംഗ് ജൂലൈ 14ന്ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ല അടക്കമുള്ള നാല്‍വര്‍ സംഘത്തിന്‍റെ മടക്കയാത്ര ജൂലൈ പതിനാലിന് ലക്ഷ്യമിടുന്നതായി നാസ അറിയിച്ചിട്ടുണ്ട്. ഇവരുടെ പതിനാല് ദിവസത്തെ ദൗത്യം പൂർത്തിയായി. സ്പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗൺ ഗ്രേസിലാണ് ആക്സിയം സംഘത്തിന്‍റെ മടക്കയാത്ര. ജൂൺ 26നാണ് ആക്സിയം 4 ദൗത്യ സംഘം ഐഎസ്എസിലെത്തിയത്. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ നിലയത്തില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു.