Home latest 'അയാൾ എന്താണ് വലിക്കുന്നത്'; നെതന്യാഹുവിനെതിരേ ഇറാൻ വിദേശകാര്യ മന്ത്രി

'അയാൾ എന്താണ് വലിക്കുന്നത്'; നെതന്യാഹുവിനെതിരേ ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാന്‍: ഇറാന്റെ മിസൈല്‍ ശേഷിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. നെതന്യാഹു യഥാർഥത്തിൽ എന്താണ് വലിക്കുന്നതെന്ന് അരാഗ്ചി പരിഹസിച്ചു. ഇറാന്റെ ആണവ വികസനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 480 കിലോമീറ്ററില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍നിന്ന് ടെഹ്റാനെ വിലക്കണമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് മറുപടിയായി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അരാഗ്ചിയുടെ പ്രതികരണം. 'നെതന്യാഹു യഥാർഥത്തിൽ എന്താണ് വലിക്കുന്നത്' എന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ചോദ്യം. ഗാസയുടെ കാര്യത്തിലും ഇറാന്റെ ആണവ പദ്ധതി കൈകാര്യം ചെയ്യുന്നതിലും നെതന്യാഹുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയെന്നും അരാഗ്ചി പറഞ്ഞു. തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാസയിൽ വിജയംനേടുമെന്ന നെതന്യാഹുവിന്റെ അവകാശവാദം തിരിച്ചടിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഗാസയില്‍ വിജയം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. അന്തിമഫലം: വ്യക്തമായ ലക്ഷ്യങ്ങളില്ലാത്ത ഒരു സൈന്യം, യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് വാറണ്ട് നേരിടുന്നു, 2,00000 പുതിയ ഹമാസിന്റെ റിക്രൂട്ട്‌മെന്റുകള്‍,' അരാഗ്ചി കുറിച്ചു. ഇറാനിലെ നാല്‍പ്പതിലധികം വര്‍ഷത്തെ സമാധാനപരമായ ആണവ നേട്ടങ്ങള്‍ എന്നന്നേക്കുമായി മായ്ച്ചുകളയാന്‍ കഴിയുമെന്ന് നെതന്യാഹു സ്വപ്‌നംകണ്ടു. എന്നാല്‍, അതിന്റെ അന്തിമഫലം എന്തായിരുന്നു? അദ്ദേഹത്തിന്റെ കൂലിപ്പടയാളികള്‍ രക്തസാക്ഷികളാക്കിയ ഡസന്‍ കണക്കിന് ഇറാനിയന്‍ അക്കാദമിക് വിദഗ്ധരില്‍ ഓരോരുത്തരും നൂറിലധികം മികച്ച ശിഷ്യന്മാരെ പരിശീലിപ്പിച്ചിരുന്നു. ഈ പിന്‍ഗാമികള്‍ ഇറാന്റെ ആണവ വികസനം തുടരുമെന്നും അരാഗ്ചി അവകാശപ്പെട്ടു. നെതന്യാഹുവിന് അവരുടെ കഴിവ് എന്താണെന്ന് കാണിച്ചുകൊടുക്കുമെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

Tags:

Comments

Please log in to post your comments.