പ്രായം മാറിനിൽക്കട്ടെ, 'ബക്കു' വീണ്ടും കളിക്കട്ടെ !
കെ.സി.എൽ താരലേലത്തിൽ ടീമിലെടുക്കപ്പെട്ട ഏറ്റവും പ്രായമേറിയ താരമായി 42കാരൻ കെ.ജെ രാകേഷ് തിരുവനന്തപുരം : ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിനായി പ്രവീൺ താംബെയെന്ന സ്പിൻ ബൗളർ വിസ്മയം സൃഷ്ടിച്ചത് തന്റെ 41-ാം വയസിലായിരുന്നു. 42-ാം വയസിൽ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചിൻ ബ്ളൂ ടൈഗേഴ്സിന്റെ കുപ്പായമണിയുമ്പോൾ മുൻ കേരള രഞ്ജി താരമായ കെ.ജെ രാകേഷ് മനസിലോർക്കുന്നതും താംബെയെയാണ്. 2008ൽ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറി പത്തുവർഷത്തിലേറെ കളിക്കളത്തിൽ സജീവമായതിന് ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ഷൻ കമ്മറ്റി അംഗമായിരുന്ന ബക്കുവെന്ന് കൂട്ടുകാർ വിളിക്കുന്ന രാകേഷ് ആ റോളിലെ കാലാവധി പൂർത്തിയാക്കിയശേഷമാണ് വീണ്ടും കളിക്കാരന്റെ കുപ്പായമണിയുന്നത്. ഇടം കയ്യൻ ബാറ്ററും വലം കയ്യൻ ഓഫ് സ്പിന്നറുമായ ബക്കു 2008ൽ പാലക്കാട് കോട്ടമൈതാനത്ത് ഗോവയ്ക്കെതിരെ യാണ് രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്.17 ഫസ്റ്റ്ക്ളാസ് മത്സരങ്ങളിൽ നിന്ന് ഓരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം 565 റൺസും 11 വിക്കറ്റുകളും നേടി. 23 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 530 റൺസും 10 വിക്കറ്റും 29 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 332 റൺസും 21 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2019ൽ ലങ്കൻ പ്രിമിയർ ലീഗിൽ ചിലാവ് ക്ളബിനുവേണ്ടിയാണ് അവസാന ഫസ്റ്റ്ക്ളാസ് മത്സരം കളിച്ചത്. തുടർന്ന് പരിശീലകനും സെലക്ടറുമായി. കെ.സി.എൽ വരുന്നതിനുമുമ്പ് മറ്റ് അവസരങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണ് പരിശീലനരംഗത്തേക്ക് മാറിയതെന്ന് ബക്കു പറയുന്നു. കഴിഞ്ഞ സീസണിൽ കെ.സി.എൽ ലോഞ്ച് ചെയ്തപ്പോൾ വീണ്ടും കളിക്കാനുള്ള കൊതിയുണ്ടായി. അപ്പോൾ സെലക്ടറായതിനാൽ കഴിഞ്ഞില്ല. സെലക്ടർ കാലാവധി പൂർത്തിയാക്കിയതോടെ ഈ സീസണിൽ താരലേലത്തിൽ ഇടംപിടിച്ചു. തനിക്കൊപ്പം രഞ്ജിയിലും എസ്.ബി.ടിയിലും ഒരുമിച്ചു കളിച്ചവർ കെ.സി.എല്ലിൽ പരിശീലകരായെത്തുമ്പോൾ ബക്കുവിന് വീണ്ടും കളിക്കുപ്പായമണിയാൻ അവസരം നൽകിയത് സഞ്ജു സാംസണെയും സ്വന്തമാക്കിയ കൊച്ചി ബ്ളൂ ടൈഗേഴ്സാണ്. ബാറ്ററെ വ്യക്തമായി മനസിലാക്കി തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള കഴിവാണ് ബക്കുവിനെ ടീമിൽ ഉൾപ്പെടുത്താൻ പ്രധാന കാരണമെന്ന് ബ്ളൂ ടൈഗേഴ്സ് കോച്ച് റയ്ഫി വിൻസന്റ് ഗോമസ് പറയുന്നു. നിർണായകഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനും ബൗളിംഗിൽ വേരിയേഷൻസ് വരുത്താനും ബക്കുവിന് കഴിയും. പ്രായത്തിന്റെ പേരിലാണ് മറ്റുടീമുകൾ ബക്കുവിനെ പരിഗണിക്കാതിരുന്നതെങ്കിൽ അതാണ് തങ്ങളുടെ വജ്രായുധമെന്നും റയ്ഫി പറയുന്നു. ആഗസ്റ്റ് 21ന് കെ.സി.എൽ ആരംഭിക്കുന്നതിന്മുമ്പ് തങ്ങളുടെ രണ്ടാമത്തെ കൺമണി പിറക്കാൻ കാത്തിരിക്കുകയാണ് ബക്കുവും ഭാര്യ വീണയും. കാർത്തികേയനാണ് ആദ്യത്തെ കൺമണി. നന്നായി കളിച്ചിരുന്ന സമയത്ത് ഇത്തരമൊരു ലീഗ് വരണേയെന്ന് കൊതിച്ചിരുന്നു. വീണ്ടും കളിക്കണമെന്ന അതിയായ ആഗ്രഹംകൊണ്ടാണ് ഈ അവസരം ലഭിച്ചത്. കളത്തിലിറങ്ങാനായി പരിശീലനം തുടരുകയാണ്. ശരീരഭാരം ആറുകിലോയോളം കുറച്ചു. - കെ.ജെ രാകേഷ് (ബക്കു)